#നവോത്ഥാനം

കിളിനക്കോട്ടെ വനിതാമതിൽ പെൺസെൽഫികൾ തൂക്കി അലങ്കരിക്കട്ടെ...

മലപ്പുറത്തെ വേങ്ങര കിളിനക്കോട്ട് നടന്ന സംഭവം എന്താണു സൂചിപിക്കുന്നത്? നമ്മുടെ പൊതുസമൂഹത്തിന്റെ ഉള്ളിൽ തികച്ചും വ്യത്യസ്തമായ ദിശകളിൽ സഞ്ചരിക്കുന്ന രണ്ട് ആന്തരിക സമൂഹങ്ങൾ നിലനിൽക്കുന്നു എന്ന്. ഒന്ന് അതിയാഥാസ്ഥിതികതയെ ആദർശവൽക്കരിച്ച് അതിലേയ്ക്കു മടങ്ങിപ്പോകാൻ വെമ്പൽ കൊള്ളുന്നുവെങ്കിൽ മറ്റേ വിഭാഗം സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയുമായ ഒരു പുതിയ ലോകം അകലെയല്ല എന്നു മനസിലാക്കുകയും അതിലേയ്ക്ക് എത്താനായി തുടിക്കുകയും ചെയ്യുന്നു.

വിപരീത ദിശകളിൽ സഞ്ചരിക്കുന്ന ഈ സമൂഹങ്ങൾക്ക് ഒരു പൊതു ലിംഗസ്വത്വം ആരോപിക്കാനാവുമോ? ഒരു പരിധിവരെ ആവുമെന്നു തോന്നുന്നു. സ്ത്രീകളും ട്രാൻസ്ജെൻഡറുകളും അടങ്ങുന്ന ലിംഗസമൂഹത്തിനു പിറകോട്ടു സഞ്ചരിച്ച് ഒരു ആദർശസ്ഥാനത്ത് എത്തുക അത്ര എളുപ്പമല്ല. അങ്ങനെയൊരു ആദർശകാലം സമീപ ഭൂതകാലത്തൊന്നും അവർക്കുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ അവർക്കു മുമ്പോട്ടേ സഞ്ചരിക്കാൻ പറ്റു.

എന്നാൽ പുരുഷ സമൂഹത്തിനങ്ങനെയല്ല. അപരിമിതമായ അധികാരം നാട്ടുനടപ്പായി ആസ്വദിച്ചിരുന്ന ഒരു ഭൂതകാലം തിരിഞ്ഞു നോക്കിയാൽ കാണാവുന്നത്ര അകലത്ത് അവർക്കുണ്ട്. പുതിയ ലോകം അവർക്കു നഷ്ടങ്ങളുടെയാണ്. ന്യായമായ എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ എന്നു ചോദിച്ചിട്ടു കാര്യമില്ല. ഈ പുതുനൈതിക യുക്തികളേ ശരിയല്ല എന്ന് അവർ പറയും.