#നവോത്ഥാനം

പതിനെട്ടു തികയാതെ ഒന്നിനുമിറങ്ങരുത്, അതുവരെ അവബോധട്യൂഷനു പോവുക

ചില കോടതി പരാമർശങ്ങൾ, വിധികൾ ഒക്കെയും കാണുമ്പോൾ ജഡ്ജിമാർ ഏതു ലോകത്തിലാണു ജീവിക്കുന്നത് എന്നു തോന്നും.

ഇടയ്ക്കു ന്യായമായ വിധികളും ഉണ്ടാവാറുണ്ടല്ലോ എന്ന് ആശ്വസിക്കുകയല്ലാതെ പരാതി പറഞ്ഞിട്ടു കാര്യമില്ല. മുകളിൽ ഇനിയും കോടതികളുണ്ട് എന്നതും ആശ്വാസമായി പറയാം. പറഞ്ഞുവരുന്നത് വനിതാമതിലിൽ 18 വയസിനു താഴെയുള്ള കുട്ടികളെ പങ്കെടുപ്പിക്കാതെ നോക്കണം എന്ന കോടതി പരാമർശമാണ്.

എന്താണു പ്രസ്തുത പരാമർശത്തിന്റെ കാരണമായി കോടതി കാണുന്നത് എന്നു വ്യക്തമല്ല. പതിനെട്ടു വയസ്സു തികയുന്നതോടെ തങ്ങളുടെയും രാജ്യത്തിന്റെയും ഭാവി നിർണ്ണയിക്കാൻ പോന്നത്ര ഗൗരവമുള്ള ഒരു രാഷ്ട്രീയ പ്രക്രിയയിൽ ഭാഗഭാക്കാവേണ്ട കുട്ടികൾക്ക് അതിന്റെ തലേന്നു വരെ, രാഷ്ട്രീയം പാടില്ല എന്നു വിധിച്ച കോടതി. പള്ളിക്കൂടത്തിൽ പോകുന്നതു പഠിക്കാനാണ് എന്നു പറഞ്ഞു സ്കൂൾ രാഷ്ട്രീയം നിരോധിച്ച ആ വിധിയെ കയ്യടിച്ചു പാസാക്കിയ ജനം. ഇവിടെ കാരണങ്ങളെക്കുറിച്ചുള്ള ചർച്ചയ്ക്കൊക്കെ എന്തു പ്രസക്തി?

മുഖ്യധാരാ രാഷ്ട്രീയകക്ഷികൾ കുട്ടികളെ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കു ചട്ടുകമാക്കുന്നു എന്നൊക്കെ പറഞ്ഞു സംഗതി അങ്ങു നിരോധിച്ചു. എന്നാൽ ഇവർ പതിനെട്ടു തികയുന്നതോടെ അനിവാര്യമെന്നോണം ഇതേ രാഷ്ട്രീയത്തിന്റെ ചട്ടുകങ്ങളായി മാറുകയാണ് എന്നതു നിരോധനക്കാർ കാണുന്നുമില്ല!