#നവോത്ഥാനം

കേരളീയ നവോത്ഥാനവും മിഷണറിയും

സുറിയാനി ക്രിസ്ത്യാനികളിലൂടെ ക്രിസ്തുമതം കേരളത്തിൽ എത്തിയതു പ്രൊട്ടസ്റ്റന്റ് മിഷണറിമാർ കേരളത്തിൽ എത്തുന്നതിനും ഏറെ മുമ്പാണ്. അതിനുശേഷം പോർച്ചുഗീസുകാരും കത്തോലിക്കാ ക്രിസ്ത്യാനികളും വന്നു. അതിനും ശേഷമാണു പതിനാറാം നൂറ്റാണ്ടിൽ പ്രൊട്ടസ്റ്റന്റ് മിഷനറിമാരുടെ കടന്നുവരവ്. പത്തൊമ്പതാം നൂറ്റാണ്ടു രൂപപ്പെടുത്തിയ പുത്തൻ സാമ്പത്തികക്രമത്തിന്റെ കൂടെ ഭാഗമായിരുന്നു ഈ മിഷണറി ആക്റ്റിവിസ്റ്റുകളുടെ കടന്നുവരവ്.

ലണ്ടൻ മിഷണറി സൊസൈറ്റി (എൽ.എം.എസ്), ചർച്ച് മിഷണറി സൊസൈറ്റി (സി.എം.എസ്), ബേസൽ മിഷൻ എന്നീ സംഘടനകൾ സമൂഹത്തിലെ താഴെത്തട്ടിലുള്ള ജാതീയമായി അടിമത്വം അനുഭവിക്കുന്ന ജനതയുടെ ഇടയിലാണു പ്രവർത്തിച്ചത്. ആദ്യം വന്ന സുറിയാനി ക്രിസ്ത്യാനികൾ സവർണ്ണ ജാതീയതയുടെ ഭാഗമായെങ്കിൽ കത്തോലിക്ക ക്രിസ്ത്യാനികൾ മുക്കുവജനതയുടെ ഇടയിലായിരുന്നു.

മതയാഥാസ്ഥിതികത്വമാണു (Conservatism) മിഷണറി പ്രവര്‍ത്തനത്തിലേക്കു പലരെയും വഴിതിരിച്ചുവിട്ടത്. 1799 മെയ് 12നു 16 പുരോഹിതരും 9 അല്‍മായരും ചേര്‍ന്നു രൂപീകരിച്ച ഒരു സന്നദ്ധ സംഘടനയാണ് Church Missionary Society (CMS). ഈ സംഘടനയ്ക്കു പേരില്‍ അല്ലാതെ നിലവിലുള്ള ആംഗ്ലിക്കന്‍ ചര്‍ച്ചുമായി ഒരു ബന്ധവും ഇല്ലായിരുന്നു. തോമസ് സ്കൊട്ട്, വില്യം വില്‍ബര്‍ഫൊഴ്സ്, ഹെന്‍‌റി ബേക്കര്‍, ജോണ്‍ വെന്‍, ചാള്‍സ് സിമെയോണ്‍, ചാള്‍സ് ഗ്രാന്റ് എന്നിവരായിരുന്നു നേതൃത്വം.