#നവോത്ഥാനം

മനീതി തോറ്റെങ്കിൽ ആരു ജയിച്ചെന്നാണ്? മണ്ടയ്ക്ക് നാളികേരമെറിയുന്നവർ? മേൽനോട്ട സമിതി?

ആവനാഴി, കമ്മീഷണർ, ഭരത്ചന്ദ്രൻ ഐ പി എസ് മോഡൽ സിനിമകളിൽനിന്നും ആർജ്ജിച്ച ഭാവുകത്വവുമായി എഫ് ബിയിൽ വിരിഞ്ഞുനിൽക്കുന്ന ചങ്കൂറ്റ വിപ്ളവകാരികൾക്ക് ഇവനെയൊക്കെ അടിച്ചുവാരി ഓടയിൽ കളഞ്ഞിട്ടു വനിതകളുമായി സ്ലോമോഷനിൽ മലകയറണം യഥാർത്ഥ പോലീസ് എന്നൊക്കെ തോന്നും. അങ്ങനെയുണ്ടായാൽ അവർ ഒരുപക്ഷേ കുറെ കാലത്തേക്കു പിണറായിയുടെ ‘ഇരട്ടച്ചങ്ക്‘ ഒറിജിനൽ തന്നെ എന്നു സമ്മതിച്ചെന്നുമിരിക്കും. പക്ഷേ അതിന്റെ വിലയൊടുക്കേണ്ടി വരുന്നതു നാടു മുഴുവനായിരിക്കും.

പറഞ്ഞുവരുമ്പോൾ ശരിയാണ്. ജനാധിപത്യം ഭൂരിപക്ഷാധിപത്യമല്ല, അതൊരു മൂല്യവ്യവസ്ഥയാണ്. അതിനെ തകർക്കാൻ ഭൂരിപക്ഷം ശ്രമിച്ചാൽ ആ ഭൂരിപക്ഷത്തെയും അമർച്ച ചെയ്തു കോൺസ്റ്റിറ്റ്യൂഷണൽ മൊറാലിറ്റി പുലരണം. ശബരിമല യുവതി പ്രവേശനവിധി ലോ ഓഫ് ദ ലാൻഡ് ആണ്. പുനപരിശോധനാ ഹർജി തുറന്ന കോടതിയിൽ കേൾക്കാമെന്നു സമ്മതിച്ചിട്ടും നിലവിലെ വിധിക്കു സ്റ്റേയില്ല എന്നു കോടതി അവർത്തിച്ചു പറഞ്ഞത് അത് അടിവരയിടുന്നു. അപ്പോൾ മലകയറാൻ വരുന്നവരുടെ മൗലികാവകാശമാണു ന്യായം. തടയാൻ നിൽക്കുന്നവരുടെ ആചാരവാദം അന്യായമാണ്.

അപ്പോൾ എന്താണു ആദർശപരിഹാരം? തടയാൻ നിൽക്കുന്നവരുടെ അന്യായമായ പ്രതിഷേധത്തെ അടിച്ചൊതുക്കിയോ വെടിവച്ചു തള്ളിയോ മലകയറാൻ വരുന്നവരുടെ മൗലിക അവകാശം നിറവേറ്റണം. ഓകെ. എങ്കിൽ അതു തെളിച്ചു പറയുക, ആദർശവിപ്ളവകാരികളായാലും, മാധ്യമ കോടതിയായാലും, ആക്ടിവിസ്റ്റുകളായാലും.