#നവോത്ഥാനം

പുരോഗമന ജനാധിപത്യപക്ഷം ചോദിക്കുകയാണ്: ആണത്തമുണ്ടെങ്കിൽ ആദ്യം വെടിവയ്കൂ, എന്നിട്ടാവാം സംസാരം

ശരിക്കും മനസിലാകാഞ്ഞിട്ട് ചോദിക്കുകയാണ്. ശബരിമലയിൽ ഇന്നു നിലനിൽക്കുന്നതു പൊലീസിന്റെ കായികക്ഷമതയുടെ പ്രശ്നമാണൊ? അങ്ങനെയൊരാരോപണമേ ആരും ഉന്നയിക്കുന്നില്ല. അതുകൊണ്ടുതന്നെ അവരെക്കൊണ്ട് ആവില്ലെങ്കിൽ കേന്ദ്രസേനയെ വിളിക്കു തുടങ്ങിയ മുറവിളികൾ അവഗണിക്കാം.

ഇനി രണ്ടാമത്തെ ചോദ്യം. സംസ്ഥാന സർക്കാരിന്റെ വോട്ടുബാങ്ക് ഭയം മൂലം അവർ പൊലീസിനെ തടയുന്നതാണോ പ്രശ്നം? അത്തരം ആരോപണം നിരവധി പേർ ഉന്നയിക്കുന്നുണ്ട്. പക്ഷേ അങ്ങനെയെങ്കിൽ സർക്കാർ യുവതിപ്രവേശനത്തിനനുകൂലമായ നിലപാടെടുക്കുകയും വ്യാപകമായി ക്യാമ്പെയിൻ നടത്തുകയും ചെയ്യുന്നതെന്തിന്? കേരളത്തിലെ ഭൂരിപക്ഷം ഹിന്ദുമതവിശ്വാസികളും ശബരിമലയിൽ യുവതിപ്രവേശനത്തെ അനുകൂലിക്കും എന്നു കരുതിയാണൊ?

അത്യാവശ്യം പൊതുജനസമ്പർക്കമുള്ള ഒരാളും അങ്ങനെയൊരു തെറ്റിദ്ധാരണ വച്ചുപുലർത്തും എന്നു തോന്നുന്നില്ല. പിന്നെയല്ലേ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന ഒരു സംഘടന. അപ്പോൾ ശബരിമലയിലേക്കു യുവതികൾ ഒരു കേക്ക് വോക്ക് നടത്തും എന്നു കരുതിയല്ല അതിനനുകൂലമായി നിലപാടെടുത്തത് എന്നു വ്യക്തം. ഒപ്പം അതായിരുന്നു അവസ്ഥയെങ്കിൽ സംഗതി ഒരു സുവർണ്ണാവസരമായിക്കണ്ട് ആദ്യനിലപാടു തിരുത്തി ബി ജെ പിയും, അവരുടെ രണ്ടാം നിരയായ കേരളത്തിലെ കോൺഗ്രസും നാമജപസമരവുമായി ഇറങ്ങില്ലായിരുന്നു എന്നതും വ്യക്തം.