#നവോത്ഥാനം

മുഖ്യമന്ത്രിക്കെതിരെ ജാതി അധിക്ഷേപം: വിമർശിക്കാൻ ഓരോരുത്തർക്കും അവരുടേതായ വിരോധങ്ങൾ...

ജാതി പോലെ മലയാളി തരംപോലെ വ്യാഖ്യാനിച്ചു തനിക്കാക്കിയ പോലെ ഒരു ആശയമോ, വ്യവഹാരമോ ഉത്തരകാലത്തു വേറെയുണ്ടാവില്ല. ജാതിസംവരണവിരോധം മുതൽ കമ്യൂണിസ്റ്റു വിരോധം വരെയുള്ള എല്ലാ കൃമികടികൾക്കും അതുപയോഗിച്ച് ശാന്തി കണ്ടെത്താനാവും. അതുപോലെ വ്യാഖ്യാനിക്കണം എന്നു മാത്രം!

സത്തയെ ഉപേക്ഷിച്ചു ഘടനയെ മാത്രം വ്യാഖ്യാനിച്ചാൽ മിക്കവാറും ഏതു ഘടനയ്ക്കും നമ്മൾ ആഗ്രഹിക്കുന്ന സത്ത ഉണ്ടാക്കികൊടുക്കാൻ പറ്റും. പറഞ്ഞതു സാംസ്കാരിക ഘടനകളുടെ കാര്യമാണ്. അതിൽ വാചകങ്ങൾ മുതൽ പ്രവർത്തികൾ വരെ പെടും. ഉദാഹരണത്തിനു സഹോദരൻ അയ്യപ്പൻ ജാതിക്ക് എതിരായിരുന്നു. അത് ഇല്ലാതാക്കാൻ പലവഴിക്കു ശ്രമിച്ചിരുന്നു. അത്തരം എഴുത്തുകൾ സഹോദരസാഹിത്യത്തിൽ നിന്നും നിരവധിയായി കണ്ടെടുക്കാനാവും. പന്തിഭോജനവും മറ്റും അതിനായി കൈക്കൊണ്ട പ്രവർത്തികൾ ആയിരുന്നു. അതുകൊണ്ട് അദ്ദേഹം ജാതി മുൻനിർത്തിയുള്ള സംവരണത്തിനും എതിരായിരുന്നു എന്നു വ്യാഖ്യാനിക്കുക. (അദ്ദേഹം ഈ വിഷയത്തിലും തന്റെ നിലപാടു കൃത്യമായി പറഞ്ഞിട്ടുണ്ട്, അതു ജാതിസംവരണത്തിനനുകൂലമാണ് എന്നതു വേറെ കാര്യം)

ഇതേ വ്യാഖ്യാനവ്യായാമം ഗുരുവചനങ്ങൾ മുൻനിർത്തിയും നടത്താവുന്നതാണ്. ‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേനെ വാഴുന്ന മാതൃകാസ്ഥാപന‘ത്തിൽ ജാതി സംവരണം വഴി സർക്കാർ ജോലി സമ്പാദിച്ച പിന്നോക്കക്കാരനോ, ദളിതനോ കയറിയാൽ ആ മാതൃക നശിക്കും എന്ന്!