#നവോത്ഥാനം

ഇരട്ടത്താപ്പിനു മാപ്പില്ല: നവോത്ഥാനം തോക്കിൻ കുഴലിലൂടെ. (പുരോഗമനം പറയേഞ്ചെയ്യും, ലാത്തി പോലും ഏടുത്തു വീശേമില്ല, കോപ്പ്)

വാർത്താമാധ്യമങ്ങൾക്കു റേറ്റിങ്ങും സർക്കുലേഷനും വർദ്ധിപ്പിക്കണമെങ്കിൽ പതിവായി വിവാദങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കണം. അതുണ്ടാവുന്നില്ലെങ്കിൽ ലഭ്യമായവയെ പരമാവധി കാലം വിവാദമായി നിലനിർത്തണം.

വിവാദങ്ങളെ വിവാദമാക്കി നിലനിർത്തുവാൻ എന്തു വേണം? പൊതുജനങ്ങളുടെ താല്പര്യം നിലനിർത്തുവാനും പിന്നെയും പിന്നെയും അതിൽ കൗതുകം ജനിപ്പിക്കുവാനും പോന്നത്ര ഗ്രേ ഏരിയകൾ അതിൽ ഉൾചേർക്കണം. ലളിതമായ ഒരു ഉദാഹരണത്തിലൂടെ ഇതു വ്യക്തമാക്കാം. നിഷ്ഠുരമായ ഒരു കൊലപാതകം എടുക്കുക. സ്വാഭാവികമായും അതിന്റെ വിശദാംശങ്ങളിൽ ജനത്തിനു താല്പര്യമുണ്ടാവും. അത് ആ കൊലപാതകത്തെ വിവാദമാക്കി മാറ്റുന്നു. എന്നാൽ സംഭവം നടന്നു രണ്ടാം ദിവസം കുറ്റമറ്റ അന്വേഷണത്തിലൂടെ പൊലീസ് പ്രതിയെ, കൊലപാതകത്തിന്റെ ലക്ഷ്യത്തെ, രീതിയെ ഒക്കെയും കണ്ടെത്തി എന്നിരിക്കട്ടെ. അതോടെ വിവാദം അവസാനിച്ചു. എന്നാൽ ഇതിൽ എവിടെയെങ്കിലും സംശയത്തിന്റെ ഒരു പഴുതു ബാക്കിയുണ്ടെങ്കിൽ സ്വാഭാവികമായും അറസ്റ്റ് വിവാദത്തിന്റെ ഗ്രാവിറ്റി കൂട്ടുകയേയുള്ളു.

സ്വാഭാവികമായി അങ്ങനെ സംഭവിച്ചില്ല എന്നു വയ്ക്കുക. അങ്ങനെയെങ്കിൽ ഒന്നുകിൽ വിഷയം ഉപേക്ഷിക്കുക, അല്ലെങ്കിൽ സംശയങ്ങൾ കൃത്രിമമായി നിർമ്മിച്ച് അതിനെ വിവാദമായി നിലനിർത്തുക എന്നീ രണ്ടു വഴികളെ ഉള്ളൂ. പ്രകടവും വ്യക്തവുമായ കാര്യങ്ങളിലും നിഷ്കളങ്കമെന്നു തോന്നിപ്പിക്കുന്ന ഒരു ഗ്രേ ഏരിയ, മനസിലാവായ്ക നിർമ്മിച്ചു നിലനിർത്തുക. ശബരിമല വിഷയത്തിൽ ഇടതു സർക്കാരിന് ഇരട്ടത്താപ്പോ എന്നതരം അന്തിച്ചർച്ചാ തലക്കെട്ടുകൾ അത്തരം ഒരു നിഷ്കളങ്കതയുടെ നിർമ്മിതിയാണ്.