#നവോത്ഥാനം

വനിതാമതിലിലെ ഒടിമറയലുകൾ

ശബരിമല ക്ഷേത്രപ്രവേശനവിധി നമ്മൾ ഇതുവരെ നേടിയെടുത്ത ജനാധിപത്യ സ്ത്രീസമത്വ മൂല്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ സമകാലികമായ ഒരു മുന്നാക്ക ചലനം അല്ല. ഒരു പിന്നാക്ക സ്ഥാനത്തേക്ക്, റിവേഴ്സ് പൊസിഷനിലേക്ക്‌, നിർബന്ധിതമായി നമ്മളെ എത്തിക്കുകയാണു സത്യത്തിൽ അതു ചെയ്തത്. അതു ജനാധിപത്യ നവോത്ഥാന പ്രയാണത്തിലെ ഒരു അഭാവത്തിന്റെ കൂട്ടിച്ചേർക്കൽ മാത്രമാണ്.

വിദ്യാഭ്യാസം, തൊഴിൽ, ഭരണനിർവഹണം എന്നിങ്ങനെ വിവിധ രംഗങ്ങളിൽ സ്ത്രീക്കു ലഭിച്ച അവസരങ്ങളേക്കാൾ, പ്രവേശനങ്ങേളേക്കാൾ നിർണ്ണായകമായ നിത്യജീവിത സംബന്ധിയായ ഒന്നല്ല ഒരമ്പലത്തിലെ പ്രവേശനം.

പ്രതീകാത്മക വിപ്ളവങ്ങൾ

ക്ഷേത്രപ്രവേശനത്തിനായി അവർണ്ണ ജാതികൾ സംഘടിക്കുമ്പോൾ അത് അമ്പലത്തിനു മുന്നിലെ പൊതുവഴിയിൽ നടക്കാനും പൊതുക്കിണറ്റിൽ നിന്നു വെള്ളമെടുക്കാനും പന്തിഭോജനം നടത്താനുമുള്ള സമഗ്രമായ ഒരു സാമൂഹിക സമത്വത്തിനു വേണ്ടിയുള്ള പ്രതീകാത്മക വിപ്ലവമായിരുന്നു.