#നവോത്ഥാനം

വിശ്വാസം, അവിശ്വാസം, സ്വത്വവാദം

31 Dec, 2018

ഭാഗം ഒന്ന്: വിശ്വാസവും സ്വത്വവാദവും

വിശ്വാസത്തിന്റെ രാഷ്ട്രീയം

സുനിശ്ചിത വിജയം, ഏറ്റവും കുറവ് റിസ്ക്, ഏറ്റവും കുറവ് പ്രയത്നം ആവശ്യപ്പെടുന്നത്, ആദർശാകതാത്മകമായ ഒരു ആശയതലം - ഇത് നാലും കൂടി ചേരുമ്പോൾ കിട്ടുന്നത് ഒരു അപാര വിന്നിംഗ് ഫോർമുലയാണ്, ഏത് രാഷ്ട്രീയ പാർട്ടിയെയും കൊതിപ്പിക്കുന്ന ഒന്ന്. വിശ്വാസത്തെ രാഷ്ട്രീയമായി പരിശോധിച്ചാൽ ഈ നാലു ഘടകങ്ങളാണ് ഒരു വിശ്വാസിയെ അതിൽ പിടിച്ചു നിർത്തുന്നത് എന്നു കാണാന്‍ സാധിക്കും. അല്ലാതെ ബൗദ്ധികമായ ഒരു പരിശോധനയുടെ ഒടുവില്‍ എത്തിച്ചേരുന്ന ഒരു നിലപാടല്ല വിശ്വാസം.

ഇന്ത്യ പോലൊരു രാജ്യത്തു വിശ്വാസികളല്ലാത്തവര്‍ വിരലിലെണ്ണാവുന്ന ശതമാനമേ വരൂ, അതായത് വിശ്വാസം അന്തര്‍ലീനമായ ഒരു ഹെജമണിയിലേക്കാണ് ഓരോ പൗരനും ജനിച്ചു വീഴുന്നത്(ഹെജമണിയില്‍ അവിശ്വാസമായിരുന്നു പ്രബലമായിരുന്നതെങ്കില്‍ ഇവരൊക്കെ തന്നെ അവിശ്വാസികളായിരുന്നേനെ). അതുകൊണ്ടുതന്നെ അവര്‍ക്ക് അതിനു പുറത്തുള്ള ഒരു ലോകം താരതമ്യേനെ അപ്രാപ്യമാണ്. എന്നാല്‍ ഭൂരിപക്ഷത്തിന്റെ കൂടെ നില്‍ക്കുന്ന നിലപാട് എന്ന നിലയില്‍ അതു വിജയം സുനിശ്ചിതമാക്കുന്ന ഒന്നാണ് (ആദ്യം പറഞ്ഞ നാലു ഘടകങ്ങളിൽ ആദ്യത്തേത് )  അഥവാ വിജയിച്ചു കഴിഞ്ഞ നിലയാണ്.