#നവോത്ഥാനം

അയവും ആനന്ദവും അയ്യങ്കാളിയും

അയ്യങ്കാളിയെ 'പുലയമഹാരാജാവ്' എന്ന വിശേഷണത്തിൽ നിന്നും വിമോചിപ്പിക്കേണ്ടതെപ്പറ്റി പറഞ്ഞുകൊണ്ടു സണ്ണി എം കപിക്കാടിനെ പോലുള്ള ബുദ്ധിജീവികൾ മുന്നോട്ടുവെക്കുന്ന പൊതുബോധാധിഷ്ഠിതമായ ഭാവനകൾ ശ്രദ്ധേയമാണ്. 

വംശജീവിതത്തിന്റെ നിരാകരണത്തിനും അഖണ്ഡജീവിതത്തിന്റെ സ്ഥാപനത്തിനും ഇടയിലൂടെ അങ്ങനെയൊന്നു സാധിച്ചെടുത്തു കൊണ്ടുപോവണമെങ്കിൽ അതിനു തക്കതായ ഒരിടമുണ്ടായിരുന്നെ മതിയാവൂ. 'ഒന്നു പുറത്തു പോകാതെ' ആർക്കും അതിജീവിക്കാൻ കഴിയാത്ത വിധം ഞെരുക്കമുള്ള ഒരു അകവ്യവസ്ഥയാണു തൽക്കാലം നിലനിൽക്കുന്നത്. അത് എവിടെ നിന്നു വന്നു, എങ്ങനെ വന്നു എന്ന വൈജ്ഞാനികാന്വേഷണങ്ങളേക്കാൾ അതുല്പാദിപ്പിക്കുന്ന പ്രത്യക്ഷസമ്മർദ്ദത്തിന്റെ അനേകം കെടുതികളുണ്ട്. മറ്റൊരു കാലത്ത് അതിനെ കീഴ്മേൽ മറിക്കുകയൊ തകർത്തെറിയുകയൊ മറ്റൊന്നാക്കി തീർക്കയൊ ചെയ്യുന്നവർ കടന്നുവന്നേക്കാം. പക്ഷേ, ഇന്ന് ഇവിടെ നഷ്ടമായതൊന്നും അന്ന് അവിടെ തിരിച്ചു കിട്ടില്ലല്ലൊ. വേറൊന്നുമല്ല, ഇന്ന് ഇവിടെ ഈ നിമിഷം ഇതാ കടന്നു പോവുകയാണ്. ഇങ്ങനെ വിമ്മിഷ്ടപ്പെട്ടു കടന്നു പോകേണ്ടതില്ല എന്നതൊരു സഹജവാസനയാണെന്ന ധാരണയാണ് ഇതിനൊക്കെയും ആധാരം. സ്വാർത്ഥത ഒരു മോശം മൂല്യമാണെന്ന സിദ്ധാന്തം ഇതരലോകങ്ങളിൽ ആത്മവിശ്വാസം ഉള്ളവർക്കു മാത്രം സ്വന്തമാക്കാൻ കഴിയുന്നതാണ്. പക്ഷേ അവരും ചുമച്ചു ചുമ്മുന്നതായാണത്രെ കാണപ്പെടുന്നത്. 

വെറുതെ ഞെരിഞ്ഞൊടുങ്ങാതിരിക്കാൻ വ്യവസ്ഥാപിതമായ കുടുസുകൾക്കു പുറത്ത് ഒരിടം നിലനിന്നു കൂടണമെന്നു തന്നെയാണു തോന്നുന്നത്. അങ്ങനെയൊരിടത്തെ ഒരു പൊതുമണ്ഡലമെന്ന മട്ടിലേ തൽക്കാലം സങ്കൽപ്പിക്കാനും കഴിയുന്നുള്ളൂ. അതിന്റെ ഉപാധിയായി ജനാധിപത്യമല്ലാതെ മറ്റെന്തെങ്കിലും കണ്ടുകിട്ടുന്നുമില്ല. പക്ഷേ പൊതുമണ്ഡലത്തിനു വേണ്ടിയല്ലാതെയും ജനാധിപത്യത്തിനു നിലനിൽക്കാമെന്ന് ഇതിനോടകം തെളിഞ്ഞിട്ടുണ്ട്. പൊതുമണ്ഡലങ്ങൾക്കു വേണ്ടിയുള്ള ജനാധിപത്യം, മനുഷ്യർക്കു വേണ്ടിയുള്ള ശബത്ത് പോലെ, ഇതരങ്ങളിൽ നിന്നും വ്യത്യസ്തമായി പരിഗണിച്ചെ മതിയാവൂ. ഹിറ്റ്ലറും തിരഞ്ഞെടുക്കപ്പെട്ട ഒരു ഭരണാധികാരിയായിരുന്നെന്നു ചിലർ ആവർത്തിച്ചു പറയാറുണ്ടല്ലൊ.