#നവോത്ഥാനം

ശബരിമല: വിശ്വാസം തോറ്റു, മനുഷ്യൻ ജയിച്ചു എന്നതരം എണ്ണ ഇനിയീ തീയിലേയ്ക്ക് ഒഴിക്കരുത്

ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിനെ തുടർന്നു നടന്ന പരിഹാരക്രിയ അയിത്താചരണ നിരോധന നിയമത്തിന്റെ ലംഘനമാണെന്നും അല്ലെന്നും വാദമുണ്ട്. നിയമപരമായി അത്തരം പ്രശ്നം മുമ്പു കോടതിയുടെ പരിഗണനയിൽ വന്നിട്ടുണ്ടോ, ഉണ്ടെങ്കിൽ അതിൽ വിധി എന്തായിരുന്നു, ആ വിധി ശബരിമലയിലും ബാധകമാകുമോ തുടങ്ങിയ നിയമ പണ്ഡിതർക്കു മാത്രം മറുപടി പറയാനാവുന്ന ചോദ്യങ്ങൾക്ക് അവർ മറുപടി പറയട്ടെ. പ്രസ്തുത പരിഹാര ക്രിയയ്ക്കു പിന്നിൽ പ്രവർത്തിക്കുന്ന സാംസ്കാരിക യുക്തികളെ നമുക്കു പരിശോധിക്കാം.

പ്രാകൃത ശുദ്ധാശുദ്ധ വിചാരങ്ങൾക്കു ചുറ്റും കറങ്ങുന്ന ഒന്നു തന്നെയാണീ പരിഹാര ക്രിയയും. ചിലതു പ്രകൃത്യാ അശുദ്ധമാണെന്നതിനാൽ അവയുടെ നേരിട്ടോ അല്ലാത്തതോ ആയ തീണ്ടൽ ശുദ്ധമായതിനെയും അശുദ്ധമാക്കും എന്നതാണതിന്റെ സത്ത. അതാവട്ടെ അമേധ്യം ചവിട്ടിയാൽ കാലു കഴുകുന്നതുപോലെ, ചെളിവെള്ളം തെറിച്ചുവീണ ഉടുപ്പു മാറുന്നതുപോലെ ഒരു ഭൗതിക ക്രിയയല്ല. കാരണം ഇവിടെ അശുദ്ധിയുടെ മാനദണ്ഡം അതല്ല.

ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളുടെ പ്രമാണ ഗ്രന്ഥമായി തന്ത്രി കുടുംബം കോടതിൽ സമർപ്പിച്ച തന്ത്ര സമുച്ചയം എന്ന പുസ്തകത്തിൽ രക്തം, മലം, മൂത്രം, കഫം തുടങ്ങി അശുദ്ധികളുടെ ഒരു പട്ടികയുണ്ട്. ഇപ്പറഞ്ഞവയൊക്കെ നമ്മളും ഉടലിൽ പറ്റിയാൽ കഴുകി ശുദ്ധിയാക്കുന്നവയാണ്. എന്നാൽ പട്ടികയിൽ ഒന്നു കൂടിയുണ്ട്, ചണ്ഡാളൻ. കേരളത്തിലെ നമ്പൂതിരിമാർക്കും ശൂദ്രന്മാർക്കും അവർ അശുദ്ധിയായിരുന്ന ഒരു കാലമുണ്ട്. അമ്പലത്തിലെന്നല്ല, ആ പരിസരത്തുകൂടി അവർക്കു വഴി നടക്കാൻ പോലും വിലക്കുണ്ടായിരുന്നത്ര വ്യാപ്തിയുള്ള അശുദ്ധിയുടെ കാലം. എന്നാൽ ആ ക്ഷേത്രാചാരം പിന്നീടു നിയമത്തിന്റെ ബലത്തിൽ പതുക്കെ പതുക്കെ മാറി. ഇപ്പോൾ ശ്രീ സണ്ണി എം കപിക്കാട് പറയുന്നതുപോലെ അമ്പലത്തിലേക്കു ദളിതനെ വിളിച്ചു കയറ്റുകയാണ്.