#നവോത്ഥാനം

എൻ എസ് എസ് വേറിട്ടൊരു നവോത്ഥാന പാരമ്പര്യം തന്നെ...

ശബരിമല യുവതിപ്രവേശന വിധിയുമായി ബന്ധപ്പെട്ടു പതിറ്റാണ്ടുകൾക്കു ശേഷം കേരള നവോത്ഥാനം വീണ്ടും സജീവ ചർച്ചാവിഷയമായപ്പോൾ ഒരുപക്ഷേ ഏറ്റവുമധികം പ്രശ്നവൽക്കരിക്കപ്പെട്ടത് അതിലെ വിവിധ പങ്കുകളാണ്.

ആ വിഷയത്തിന്റെ തന്നെ തുടർച്ചയായി സമവായം ലക്ഷ്യമിട്ടു സർക്കാർ നവോത്ഥാന പാരമ്പര്യമുള്ള ഹിന്ദു സമുദായ സംഘടനകളുടെ ഒരു യോഗം വിളിക്കാൻ മുൻകയ്യെടുക്കുകയും അതിൽ വനിതാമതിൽ എന്ന ഒരു ആശയംകേരള പുലയ സമാജം മുമ്പോട്ടു വയ്ക്കുകയും ചെയ്തു. അത് അംഗീകരിക്കപ്പെട്ടു, യാഥാർത്ഥ്യവുമായി. എന്നാൽ അതിനൊപ്പം ഒന്നുകൂടി നടന്നു. അതു നവോത്ഥാനത്തിലെ വിവിധ സമുദായ സംഘടനകളുടെ പങ്കിനെക്കുറിച്ചുള്ള വിമർശനാത്മകമായ ചർച്ചയായിരുന്നു.

രേഖീയമായി ധനാത്മകം, ഋണാത്മകം എന്നിങ്ങനെ വേർതിരിക്കാനാവുന്നതല്ല അവയുടെ പങ്ക് എന്നതാണിത്തരം ചർച്ചകളെ കൗതുകകരമാക്കുന്നത്. കേരളീയ നവോത്ഥാനത്തിന്റെ ഒരു പ്രത്യേകതയും അതു തന്നെ; രേഖീയമായ സമീപനങ്ങളെ നിരന്തരം തെറ്റിക്കുന്ന, പലപ്പൊഴും വിരുദ്ധ സ്വഭാവം തന്നെയുമുള്ള വിശദാംശങ്ങൾ.