#രാഷ്ട്രീയം

കൊല്ലം ബൈപാസ് ഉദ്ഘാടനം: ഒരു ദേശത്തിന്റെ രാഷ്ട്രീയാധിനിവേശത്തിന്റെ കഥ?

1972ൽ ടി കെ ദിവാകരൻ മന്ത്രിയായിരിക്കെ ഉരുത്തിരിഞ്ഞു വന്ന ഒരാശയമാണു കൊല്ലം ബൈപാസ്. അത് ആദ്യം ഓലയിൽ-തേവള്ളി-വെള്ളയിട്ടംബലം വഴിയായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാൽ മന്ത്രി അതിനനുമതി നിഷേധിച്ചതിനെ തുടർന്നു റൂട്ട് മേവറം-അയത്തിൽ-കല്ലുന്താഴം-കുരീപ്പുഴ വഴി കാവനാട് ആവുകയായിരുന്നു. തുടർന്നു നീണ്ട 46 വർഷങ്ങൾ.

ഇതിനിടയിൽ എന്തൊക്കെ മാറ്റങ്ങൾ. ടി കെ ദിവാകരൻ ദിവംഗതനായി. തുടർന്നു മകൻ ബാബു ദിവാകരന്റെ കാലം. ആർ എസ് പിയിൽ പിളർപ്പ്. മുന്നണി മാറ്റങ്ങൾ. ഇന്നിപ്പോൾ സാക്ഷാൽ ടി കെ ഡിയുടെ മകൻ ബാബു ദിവാകരൻ നിർബന്ധിത രാഷ്ട്രീയ വനവാസം സ്വീകരിച്ച അവസ്ഥയിലാണ്. ആർ എസ് പി കറങ്ങിത്തിരിഞ്ഞു വീണ്ടും ഐക്യ ജനാധിപത്യ മുന്നണിയിലെത്തി. എൻ കെ പ്രേമചന്ദ്രൻ ഐക്യമുന്നണി എം പിയുമായി.

മേവറം മുതൽ അയത്തിൽ വരെയുള്ള ഇതിന്റെ ഒന്നാം ഘട്ടം 93ൽ പൂർത്തിയായി. അയത്തിൽ തൊട്ടു കല്ലുന്താഴം വരെയുള്ള രണ്ടാം സ്ട്രെച്ച് 1999ലും. മൊത്തം 13.14 കിലോമീറ്റർ ദൈർഘ്യമുള്ള ബൈപാസിലെ നാലര കിലോമീറ്റർ ഏതാണ്ട് ഇരുപത്തിയേഴ് കൊല്ലം കൊണ്ട് കഴിഞ്ഞു. ബാക്കിയുള്ള എട്ടിലധികം കിലോമീറ്ററിന്റെ പണിയെക്കുറിച്ചു പിന്നെ കുറെക്കാലം ഒന്നും കേൾക്കുന്നില്ല. ഒടുക്കം 2014ൽ ഉമ്മൻചാണ്ടി സർക്കാർ സംസ്ഥാനവും കേന്ദ്രവും പപ്പാതി വഹിച്ചുകൊണ്ടു പദ്ധതി പൂർത്തിയാക്കാനുള്ള കരാർ ഒരു സ്വകാര്യ കമ്പനിയുമായി ഒപ്പുവയ്ക്കുന്നു. തുടർന്നു രണ്ടായിരത്തി പതിനഞ്ചിൽ ഉമ്മൻചാണ്ടിയും നിഥിൻ ഗഡ്കരിയും ചേർന്നു കൊല്ലം ബൈ പാസിന്റെ മൂന്നാം ഘട്ട പണി ഉദ്ഘാടനം ചെയ്യുന്നു.

അതാണു 2019 ജനുവരി പതിനഞ്ചിനു പ്രധാനമന്ത്രി മോഡി ഉഘാടനം ചെയ്തത്. ഇത്രയും കേരളത്തിന്റെ അഭിമാന പദ്ധതികളിൽ ഒന്നായ കൊല്ലം ബൈപാസിന്റെ വസ്തുതാ ചരിത്രം.