#രാഷ്ട്രീയം

പ്യാരേ ദേശ് വാസിയോം, അറപ്പുളവാക്കുന്നു നിങ്ങളുടെ ഭരണഘടനയും കോടതിയും....

ഒരു ആധുനിക ദേശരാഷ്ട്രം ആ പേരിനർഹമാകുന്നതു ഭദ്രമായി രചിക്കപ്പെട്ട ഒരു ഭരണഘടനയെ മുൻനിർത്തി ലെജിസ്ളെച്ചർ, എക്സിക്യൂട്ടിവ്, ജുഡിഷ്യറി, മീഡിയ എന്നീ ഘടകങ്ങൾ പ്രവർത്തിക്കുന്നു എന്ന് ഉറപ്പുവരുത്തപ്പെടുമ്പോഴാണ്. അല്ലെങ്കിൽ ആ പദവി വെറുമൊരു പ്രഹസനം മാത്രമായി തീരുന്നു.

മാനവികമായ തുല്യതയിൽ ഊന്നുന്ന, എല്ലാവർക്കും തുല്യനീതി ഉറപ്പുവരുത്തുന്ന ഒരു ഭരണഘടന നമുക്കുണ്ട്. മനുഷ്യനിർമ്മിതമായ ഏതു വ്യവസ്ഥയിലുമുള്ള ആനുപാതിക അപര്യാപ്തതകൾ നിലനിൽക്കുമ്പോഴും കഴിയുന്നത്ര ഭരണഘടനാ സദാചാരം (കോൺസ്റ്റിറ്റ്യൂഷണൽ മൊറാലിറ്റി) ഉയർത്തിപ്പിടിക്കുന്ന ഒരു ജുഡിഷ്യൽ വ്യവസ്ഥയും ഉണ്ട്. എന്നാൽ മറ്റു ഘടകങ്ങളോ?

മനുഷ്യരെ അന്യോന്യം അപരവൽക്കരിച്ചു സാമൂഹ്യ ധ്രുവീകരണത്തിലൂടെ രാഷ്ട്രിയ അസ്തിത്വം തേടുന്ന ഒരു പ്രാകൃത പ്രത്യയശാസ്ത്രം. അതിനെ ലെജിറ്റിമൈസ് ചെയ്യുന്ന, അതിനായി സമ്മതി നിർമ്മാണം നടത്തുന്ന മീഡിയ. അവ ചേർന്നു നിർമ്മിച്ച ഒരു ഭരണകൂടവും അതിന്റെ നിയന്ത്രണത്തിലുള്ള എക്സിക്യൂട്ടിവും. ഇതാണ് ഇന്ത്യ എന്ന ‘ആധുനിക ദേശരാഷ്ട്രം‘ ഇന്ന് എത്തിനിൽക്കുന്ന അവസ്ഥ. അതായത് അതിന്റെ ഭരണഘടന ഒറ്റക്കാലിൽ നിൽക്കുന്ന ഒന്നായി മാറിയിരിക്കുന്നു. ജുഡിഷ്യറി എന്ന ഒറ്റക്കാലിൽ.