#നവോത്ഥാനം

നവോത്ഥാനചർച്ചകൾ: ഒരോർമ്മക്കുറിപ്പ്

1

ശബരിമല വിധി വന്നതോടു കൂടി സംഘപരിവാർ അഴിച്ചുവിട്ട പ്രൊപഗണ്ടയെ നേരിടാൻ മാർക്സിസ്റ്റ് പാർട്ടി കാലെക്കൂട്ടി തയാറായിരുന്നു എന്നു വേണം കരുതാൻ. പാറമേക്കാവ് കൊട്ടിക്കയറി അധികം താമസിയാതെ തന്നെ തിരുവമ്പാടി വെടിക്കെട്ടു തുടങ്ങി. പ്രൊപഗണ്ടയുടെ ചൈനീസ് പടക്കങ്ങൾ പാടെ ഒഴിവാക്കി ഗുണ്ടും ഗർഭം കലക്കിയുമായിട്ടാണു രണ്ടു കൂട്ടരും ഏറ്റുമുട്ടിയത്. തെച്ചിക്കാട് രാമചന്ദ്രനെ പോലൊരു ഗജവീരനെ മുന്നിൽ നിർത്താൻ കഴിഞ്ഞിരുന്നെങ്കിൽ സംഘപരിവാർ പക്ഷം ഒരു പക്ഷേ ജയിച്ചു കയറേണ്ടതായിരുന്നു. ഒരു മോഡിയുടെ അഭാവമുണ്ട് ദക്ഷിണേന്ത്യയിൽ എന്ന് ആർക്കാ അറിയാത്തെ. ഷാണക്യൻ വിചാരിച്ചാൽ കുതിരക്കച്ചവടം വരെ നടക്കും, പടക്കുതിരയെ പരിശീലിപ്പിക്കാനും കഴിയും, പക്ഷേ അശ്വമേധം നടത്താൻ മരുന്നിനെങ്കിലുമൊരു യാഗാശ്വം വേണ്ടേ.

2

മാർക്സിസ്റ്റ് പാർട്ടി കരുതിക്കൂട്ടിയാണ് ഇറങ്ങിത്തിരിച്ചതെന്നു തെളിയിക്കുന്ന തരം ഒരു ടീമിനെയാണ് അവർ ഇറക്കിയത്. പുതുമുഖതാരം ശ്രീചിത്രനെ നോക്കൂ. യാതൊരു ഓഡിറ്റിനും വിധേയമാക്കാൻ കഴിയാത്തൊരാൾ. അയാളാരാന്നു ചോദിച്ചാൽ ഇപ്പഴും ആർക്കും വലിയ പിടിയൊന്നുമില്ല. ഒരു ദിവസം രണ്ടും മൂന്നും വേദികളിലായ് ഒരു മാസം കേരളം മൊത്തം നടന്നു വായിട്ടലച്ചു. ശോകം പയ്യൻസ് ഒരു വികെഎൻ ട്രാജഡിയായ് പോയ്. പക്ഷേ കഥാന്ത്യത്തിനും മുന്നെ കാഥികനായ കഥാപാത്രം തന്റെ ചരിത്രപരമായ നിയോഗം പൂർത്തികരിച്ചിരുന്നു. അഥവാ പാർട്ടി അയാളെ പിഴിഞ്ഞൂറ്റി ചണ്ടിയാക്കിയിരുന്നു. ശേഷം അതൊരു ബാധ്യതയായ് തീരേണ്ടതായിരുന്നു. ആ ഒഴിവാക്കൽ കൂടി വൈയക്തികദുരന്തത്തിന്റെ പറ്റു ബുക്കിൽ വിലയം പ്രാപിച്ചുവെന്നു പറഞ്ഞാൽ മതിയല്ലൊ.