#മതരാഷ്ട്രീയം

സെൻകുമാർ: തിരിച്ചറിവുണ്ടായി പിന്നീടു തയ്പിച്ചതൊന്നുമല്ല, പണ്ടേ കാവിയായിരുന്നു കളസം

ആർ എസ് എസുകാരൻ രാജ്യത്തിന്റെ ഭരണഘടനയോടും നീതിന്യായ വ്യവസ്ഥയോടും അവമതിപ്പുള്ളവനായിരിക്കുന്നതിൽ വലിയ അതിശയമൊന്നുമില്ല. ഒരു ജനാധിപത്യ രാജ്യത്ത് അതിന്റെ സത്തയുടെ നേർവിപരീതമായ മതരാഷ്ട്രവാദത്തിന്റെ യുക്തികളുമായി പോലും ഒരാൾക്ക് അനുഭാവം പുലർത്താം. അതു മൂത്തു സ്റ്റേറ്റിനെ അട്ടിമറിക്കാൻ അയാൾ ശ്രമിക്കുമ്പോൾ മാത്രമേ അതു കുറ്റകരമാകുന്നുള്ളു.

എന്നാൽ അതേ മനോഭാവം ഒരു ബി ജെ പിക്കാരൻ വച്ചുപുലർത്തുന്നത് അങ്ങനെയല്ല. കാരണം അതു നമ്മുടെ ജനാധിപത്യ വ്യവസ്ഥയിൽ നിലനിൽക്കുകയും നിരവധിയായ ഭരണഘടനാ സ്ഥാപനങ്ങൾ ഭരിക്കുകയും ചെയ്യുന്ന ഒരു സംഘടനയാണ്. ആ നിലയ്ക്ക് അത്തരം ഒരു സംഘടനയുടെ ഉത്തരവാദപ്പെട്ട സ്ഥാനത്ത് ഇരിക്കുന്ന ഒരാൾ അങ്ങനെ പറയുന്നതു കുറ്റകരമാവേണ്ടതാണ്. പക്ഷേ അതു പല കാരണങ്ങൾ കൊണ്ടും അങ്ങനെ കർശനമായി പാലിക്കപ്പെടുന്നില്ല. പലപ്പൊഴും സാംസ്കാരികമായ തുറന്നുകാട്ടലുകളിലേയ്ക്ക് അവയോടുള്ള പ്രതിരോധം പരിമിതപ്പെടുന്നതാണു പതിവ്.

ഒരു സിവിൽ സെർവന്റ് ഭരണഘടനയോടോ നീതിന്യായ വ്യവസ്ഥയോടോ ഒരു ബഹുമാനവുമില്ലാത്ത ഒരു വെറും ആർ എസ് എസുകാരനായി തീരുന്നത് ഈ പറഞ്ഞ രണ്ടും പോലെയല്ല. നീതിന്യായ നിർവഹണത്തിൽ നിർണ്ണായകമായ പങ്കുള്ള പൊലീസ് പോലെയൊരു ഏജൻസിയിൽ അത്തരം ഒരാൾ ദീർഘകാലം താക്കോൽ സ്ഥാനങ്ങൾ കയ്യാളിയിരുന്നു എന്നതാവട്ടെ തികച്ചും ഞെട്ടിക്കുന്ന ഒരു തിരിച്ചറിവു തന്നെയാണ്. അതാണ് അയ്യപ്പ സംഗമവേദിയിൽ മുൻ ഡി ജി പി സെൻകുമാർ നടത്തിയ പ്രസംഗം ഉല്പാദിപ്പിക്കുന്ന ഞെട്ടലും.