#മതരാഷ്ട്രീയം

അമൃതവ്യവസായത്തിനു രാഷ്ട്രീയശരിയുടെ കവചം വേണ്ട; നമുക്കു വേണ്ടി വരും ഭൂമിയും ജലവും വായുവും മുതൽ....

ശബരിമല കർമ്മസമിതി വിളിച്ചു കൂട്ടിയ സമ്മേളനത്തിൽ അതിന്റെ പ്രെസിഡന്റായ മാതാ അമൃതാനന്ദമയി പങ്കെടുത്തു. പ്രസംഗിച്ചു. അതു സ്വാഭാവികമായും കർമ്മ സമിതിക്ക് അനുകൂലവും യുവതി പ്രവേശനത്തിനു പ്രതികൂലവുമായിട്ടായിരുന്നു. അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നും അവിടത്തെ ആചാരങ്ങൾ പാലിക്കപ്പെടേണ്ടതാണെന്നും അവർ പറഞ്ഞു. ബ്രഹ്മചാരിയായതു കൊണ്ട് അവിടെ യുവതികൾ പ്രവേശിക്കാൻ പാടില്ല.

എന്നാൽ അയ്യപ്പ സംഗമത്തിലെ അവരുടെ പ്രസംഗത്തിന്റെ റിപ്പോർട്ടുകളും വീഡിയോകളും പുറത്തുവന്നതിനു പിന്നാലെ മറ്റു ചില പഴയ വാർത്തകളും പൊന്തിവന്നു. ശബരിമലയിൽ യുവതികൾക്കും പ്രവേശനം അനുവദിക്കണം എന്ന് അവർ ആവശ്യപ്പെട്ടതിനെക്കുറിച്ചുള്ള പത്രവാർത്തകൾ. അവയിൽ തന്റെ തനതു ശൈലിയിൽ ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചതുകൊണ്ട് എന്താണു കുഴപ്പമെന്നും പുരുഷനെ പ്രസവിച്ചത്  സ്ത്രീയല്ലേ, എങ്കിൽ പുരുഷനു കയറാം, പ്രസവിച്ച സ്ത്രീക്കു കയറാനാവില്ല എന്നു പറയുന്നത് അധർമ്മമല്ലേ എന്നുമൊക്കെ അവർ ചോദിക്കുന്നുണ്ട്. സ്ത്രീ, പുരുഷ വ്യത്യാസമുള്ളതല്ല ഈശ്വര സങ്കല്പം എന്നു പ്രഖ്യാപിക്കുന്നതിനോടൊപ്പം ഒരു പടികൂടി കടന്നു ക്ഷേത്രങ്ങളിൽ വിശ്വാസികളെയെല്ലാം കയറ്റണമെന്നാണു തന്റെ അഭിപ്രായം എന്നുവരെ പറയുന്നുണ്ട്. ഈ പറഞ്ഞതെല്ലാം സുപ്രിം കോടതിവിധിയുടെ പശ്ചാത്തലത്തിൽ മല ചവിട്ടാൻ യുവതികൾ എത്താൻ തുടങ്ങുന്നതോടെ മാറ്റി പറയുന്നുമുണ്ട്. പക്ഷേ എന്താ ഇതിലിത്ര അതിശയം? എന്താ ഇതിലിത്ര വൈരുദ്ധ്യം?

ഈ വിഷയത്തിൽ ഇടതുമുന്നണി, വിശിഷ്യാ സി പി എം അല്ലാതെ ആരാണു നിലപാടു മാറ്റാതിരുന്നിട്ടുള്ളത്? എല്ലാ പ്രായത്തിലുള്ള സ്ത്രീകൾക്കും ഒരുപോലെ എല്ലാ ക്ഷേത്രങ്ങളിലും പ്രവേശനം നൽകണമെന്നു നിലപാടെടുക്കുകയും  എതിർത്ത വിശ്വാസികളെയും പൂജാരിയെയും ഉൾപ്പെടെ തല്ലിയിട്ടു പല ക്ഷേത്രങ്ങളിലും തങ്ങളുടെ ക്ഷേത്രപ്രവേശന ആക്റ്റിവിസ്റ്റുകളെ കയറ്റുകയും ചെയ്ത പാരമ്പര്യമുള്ള ബി ജെ പി, സംഘപരിവാർ സംഘടനകൾ നിലപാടു മാറ്റിയില്ലേ? ലിംഗപരമായ തുല്യതയാണു തന്റെ ആദർശമെന്നു പറഞ്ഞ രാഹുൽ ഗാന്ധി നിലപാടു മാറ്റി പറഞ്ഞില്ലേ? പിന്നെന്താ ഈ പതിവ് അമൃതാനന്ദമയിയും പിൻതുടരുന്നതിൽ മാത്രം ഒരു അതിശയം?

സംഗതി ലളിതമാണ്. മുകളിൽ പറഞ്ഞവരൊക്കെ രാഷ്ട്രീയക്കാരാണ്. അവർ വോട്ടിനുവേണ്ടി പലതും മാറ്റിയും തിരിച്ചും പറയുന്നതു പതിവാണ്. എന്നാൽ ഒരു ആത്മീയ ആചാര്യ, അമ്മ ദൈവം രാഷ്ട്രീയ ലാക്കോടെ നിലപാടുകൾ മാറ്റിപ്പറയുമോ? അതാണാ അതിശയത്തിനു പിന്നിലെ യുക്തി. എന്നാൽ രാഷ്ട്രീയവുമായുള്ള അവിശുദ്ധ ബന്ധങ്ങളില്ലാതെ ഇവിടെ ഏത് ആൾദൈവമാണു വളർന്നിട്ടുള്ളത്. അമൃതാനനന്ദമയിക്കു രാഷ്ട്രീയമില്ല എന്നു നിങ്ങൾ കരുതുണ്ടെങ്കിൽ അവരെക്കുറിച്ചു നിങ്ങൾക്ക് ഒരു ചുക്കും അറിഞ്ഞുകൂട.