#രാഷ്ട്രീയം

രാഹുൽ ഗാന്ധി പ്രതിക്കൂട്ടിൽ നിർത്തിയവരിൽ സിപിഎംകാരനായ രവീന്ദ്രനാഥ് മാത്രമല്ല, ഗുണ്ടർട്ട് മുതൽ കാർത്യായനിയമ്മ വരെയുള്ളവരുണ്ട്

വിദ്യാഭ്യാസം എന്നതുകൊണ്ടു മെക്കാളെ തുടങ്ങി വെച്ച യൂറൊസെൻട്രിക് കൊളോണിയൽ അധ്യയനപദ്ധതികൾ തന്നെയാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

മെക്കാളയുടെ ദർശനത്തിനു പുറത്തു വേറെയും വിദ്യാഭ്യാസങ്ങളുണ്ട്. മോക്ഷനിർവാണാദി പുരുഷാർത്ഥങ്ങൾ തേടിയുള്ള ആത്മായനങ്ങളും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ വിദ്യയുടെ അഭ്യാസം തന്നെ. പക്ഷേ അത്തരം വിദ്യ തേടി പോകുന്നവർ ന്യൂനാൽ ന്യൂനപക്ഷമായിരിക്കുമെന്ന് അതാതു ഗുരുക്കന്മാർ പറഞ്ഞിട്ടുമുണ്ട്. അതുകൊണ്ട് ആത്മവിദ്യാലയങ്ങൾ എണ്ണത്തിൽ കുറവായതെപ്പറ്റി തിരഞ്ഞെടുപ്പു വേളയിൽ ലൗകികവ്യവഹാരിയായൊരു രാഷ്ട്രീയനേതാവ് കവലപ്പെടേണ്ടതില്ല.

പിന്നെയുള്ളതു ഭൗതികവാദികൾ പറയുന്ന തരം രാഷ്ട്രീയവിദ്യാഭ്യാസമാണ്. ഭരണഘടനാവിദ്യാഭ്യാസം മാറ്റി വെച്ചാൽ അതേതെങ്കിലുമൊരു പ്രത്യേക ഭരണകക്ഷിയുടെ ബാധ്യതയൊന്നുമല്ല. അതു ചരിത്രത്തിന്റെ ആരണ്യകാണ്ഡങ്ങളിൽ മാനായും മാരീചനായും നടന്നുപോകുന്ന ഒരു പ്രക്രിയയാണ്.

കേരളത്തിലെ ആധുനികവിദ്യാഭ്യാസത്തിന്റെ ചരിത്രം തുടങ്ങുന്നതു കൊളോണിയൽ അധിനിവേശത്തോടു കൂടിയാണ്. അതിന്റെ നേതൃത്വം വഹിച്ചതു വൈദേശികരാണ്. അതിനാവശ്യമായ ഉപാധികളും ഉപകരണങ്ങളും ഉത്പാദിപ്പിച്ചത് അവരാണ്. ഗുണ്ടർട്ടിന്റെ നിഘണ്ടുവും മലബാർ മാനുവലും തൊട്ട് സിഎംഎസ് കോളേജ് വരെ നീളുന്ന ഒരു പ്രക്രിയയാണത്. കൊളോണിയൽ ചൂഷണത്തിനു വേണ്ടി പണിയെടുക്കുന്നവരെ സൃഷ്ടിക്കയാണ് അത്തരം പരിപാടികളിലൂടെ അവർ ആഗ്രഹിച്ചതെങ്കിലും ഒരു ബ്രാഹ്മണിക്കൽ ചൊല്ലിൽ പറയും പടി ഉർവശി ശാപം ഉപകാരമാവുന്നുണ്ട്. പിൽക്കാല ഇന്ത്യയെ അന്താരാഷ്ട്രവ്യവഹാരങ്ങളുമായി ചേർത്തു നിർത്തുന്നത് അത്തരം പ്രവർത്തനങ്ങളാണ്. ആധുനികവിദ്യാഭ്യാസത്തിലേക്ക് ആദിയിലേ ജ്ഞാനസ്നാനം ചെയ്യപ്പെട്ട വംഗമലയാളങ്ങൾ ലോകമെമ്പാടും പ്രാതിനിധ്യം നേടിയത് ആ ഒരു തുറവിയിലൂടെയാണ്. ഒരു പാലമിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും ഉണ്ടല്ലൊ.