#നവോത്ഥാനം

നവോത്ഥാന കേരളത്തിന്റെ മുസ്‌ലിം ശിൽപികൾ

ഭാഗം ഒന്ന്: കേരളത്തിലെ മുസ്ളിം നവോത്ഥാനത്തിന്റെ തുടക്കം

പതിനഞ്ചാം നൂറ്റാണ്ടുവരെ സാമൂതിരിയുടെ നാവികസേനാംഗങ്ങളും മലബാര്‍ തീരത്തെ കച്ചവടക്കാരുമെന്ന നിലയില്‍ കേരളത്തിലെ ഒരു മുന്നോക്ക സമുദായമായിരുന്നു മുസ്‌ലിംകള്‍.

1498ല്‍ വാസ്‌കോഡഗാമയുടെ നേതൃത്വത്തില്‍ ആരംഭിച്ച പോര്‍ച്ചുഗീസ് അധിനിവേശം ഈ സാമൂഹ്യാന്തരീക്ഷത്തെ തകിടം മറിച്ചു. സാമൂതിരിയെ വഞ്ചിക്കുകയും മുസ്‌ലിംകളെ അതിക്രൂരമായി മര്‍ദിച്ചൊതുക്കുകയും ചെയ്ത ഗാമയും ശിങ്കിടികളും കേരളത്തിന്റെ കച്ചവടക്കുത്തകയും രാഷ്ട്രീയ നിയന്ത്രണവും കയ്യടക്കി. അതോടുകൂടി മുസ്‌ലിംകള്‍ പിന്നാക്കക്കാരായ കര്‍ഷകക്കുടിയാന്‍മാരായി ഉള്‍നാടുകളിലേക്കു പാര്‍ശ്വവല്‍കരിക്കപ്പെടുകയും ജന്മിമാരുടെയും ഭരണകൂടത്തിന്റെയും നിരന്തരചൂഷണങ്ങള്‍ക്കു വിധേയമാകുന്ന അവസ്ഥയുണ്ടാവുകയും ചെയ്തു. പോര്‍ച്ചുഗീസുകാര്‍ക്കും ഡച്ചുകാര്‍ക്കും ശേഷം വന്ന ബ്രിട്ടീഷ് സാമ്രാജ്യത്വം കേരളത്തെ തീർത്തും പുതിയ ഒരു രാഷ്ട്രീയ-സാമൂഹ്യക്രമത്തിലേക്കു പ്രവേശിപ്പിച്ചു.