#നവോത്ഥാനം

മക്തി തങ്ങൾ: ഇനിയും തിരിച്ചറിയപ്പെടാത്ത ചരിത്രവസ്തുതകൾ

ശിവപൂജയിലും  അദ്വൈതത്തിലും സന്യാസത്തിലും അധിഷ്ഠിതമായ മതചിന്തകള്‍ പ്രചരിപ്പിച്ചതോടൊപ്പം ഈഴവരെ ജാതിയധമ ബോധത്തില്‍നിന്നും ദുരാചാരനിബിഢമായ ആരാധനാക്രമങ്ങളില്‍നിന്നും മോചിപ്പിക്കുവാനും മദ്യപാനത്തില്‍ നിന്നു രക്ഷപ്പെടുത്താനും വിദ്യാഭ്യാസത്തിലേക്കും വ്യവസായ പുരോഗതിയിലേക്കും സം‌ഘശക്തിയിലേക്കും നയിക്കാനും ശ്രമിക്കുകയും ചെയ്ത ശ്രീ നാരായണ ഗുരുവാണ് (1856-1928) കേരളത്തില്‍ ആധുനികോന്മുഖമായ സമുദായ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുടെ ആദ്യ കണ്ണികളിലൊന്നായി വായിക്കപ്പെടുന്നത്. നാരായണഗുരു ജനിച്ചത് 1856ലാണെങ്കില്‍ മക്തി തങ്ങളുടെ ജനനം 1847ലാണ് എന്ന വസ്തുത തന്നെ കേരളീയ സാമൂഹ്യപരിഷ്‌കരണ ചരിത്രത്തില്‍ കാലാനുക്രമത്തില്‍ നാരായണഗുരുവിനു ശേഷമല്ല മക്തി തങ്ങള്‍ വരേണ്ടത് എന്നു വ്യക്തമാക്കുന്നുണ്ട്.

1888 മുതല്‍ 1928 വരെയാണു ഗുരുവിന്റെ പ്രബോധന, പരിഷ്‌കരണ ശ്രമങ്ങള്‍ നടക്കുന്നത്. അരുവിപ്പുറത്ത് 1888ല്‍ വിഗ്രഹപ്രതിഷ്ഠ നടത്താന്‍ ബ്രാഹ്മണര്‍ക്കു മാത്രമാണ് അധികാരമെന്ന സങ്കല്‍പത്തെ വെല്ലുവിളിച്ചു ശിവലിംഗ പ്രതിഷ്ഠ നടത്തിയതോടുകൂടിയാണു ഗുരുവിന്റെ ‘നവോത്ഥാന ജീവിതം’ ആരംഭിക്കുന്നത്. ഇതിനു നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് 1884ല്‍ തന്നെ മക്തി തങ്ങളുടെ ആദ്യ പുസ്തകമായ ‘കഠോരകുഠാരം‘ പ്രസിദ്ധീക്കപ്പെട്ടിട്ടുണ്ട്; പ്രസംഗങ്ങളാകട്ടെ, അതിനുമുമ്പേ ആരംഭിച്ചിട്ടുമുണ്ട്.

അദ്വൈത വേദാന്തിയും മതതാരതമ്യ ഗവേഷകനും സംസ്‌കൃത പണ്ഡിതനുമായിരുന്ന ചട്ടമ്പി സ്വാമികള്‍ ആണ് ആധുനിക കേരളീയ മതപരിഷ്‌കരണ ശ്രമങ്ങളുടെ തുടക്കക്കാരനായി അറിയപ്പെടുന്ന മറ്റൊരാള്‍. ചട്ടമ്പി സ്വാമികളുടെ ജനനം 1853 ലും മരണം 1924 ലുമാണ്. ഹിന്ദുശാസ്ത്രങ്ങള്‍ പ്രകാരം കേരളത്തില്‍ സാമൂഹികമായ ആധിപത്യം നമ്പൂതിരിമാര്‍ക്കവകാശപ്പെട്ടതല്ല മറിച്ചു നായന്മാര്‍ക്കുള്ളതാണെന്നു സൈദ്ധാന്തികമായി സ്ഥാപിക്കുന്ന രചനകള്‍ നിര്‍വഹിച്ചു നായര്‍ സമുദായ ബോധത്തെ ഉണര്‍ത്തിക്കൊണ്ടാണു ചട്ടമ്പി സ്വാമികള്‍ സാമുദായിക നവോത്ഥാനചരിത്രരേഖകളില്‍ സ്ഥാനം പിടിക്കുന്നത്. അദ്ദേഹത്തിന്റെ ‘പ്രാചീന മലയാളം‘ എന്ന കേരളചരിത്രവിവരണം ഈ ലക്ഷ്യത്തോടെയുള്ളതായിരുന്നു.