#നവോത്ഥാനം

വക്കം മൗലവിയെന്ന വിപ്ളവകാരിയായ വിശ്വാസി

വിശുദ്ധ ഖുര്‍ആനും തിരുനബിയുടെ ചര്യയും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുതന്നെ ജനാധിപത്യത്തിനുവേണ്ടി നിലകൊള്ളാനാകുമെന്നു വക്കം മൗലവി പ്രായോഗികമായി തെളിയിച്ചു. കേരള മുസ്‌ലിം നവോത്ഥാനത്തിന്റെ ഗതി നിര്‍ണയിച്ചതില്‍ അദ്ദേഹത്തിന്റെ ഈ ദൂരക്കാഴ്ച സാരമായ പങ്കു വഹിച്ചിട്ടുണ്ട്. വക്കം മൗലവിയുടെ ശിഷ്യന്‍മാരായിരുന്നു കെ.എം സീതി സാഹിബും, കെ.എം മൗലവിയും. രണ്ടു പേരുടെയും രാഷ്ട്രീയ ദർശനം സൈദ്ധാന്തികമായി വക്കം മൗലവിയുടെ ജനാധിപത്യവാഞ്ചയോടു കടപ്പെട്ടിരിക്കുന്നുവെന്നു മനസ്സിലാക്കാവുന്നതാണ്.

ജനാധിപത്യ മതനിരപേക്ഷ രാഷ്ട്രീയം മതവിരുദ്ധമാണെന്നു സമര്‍ത്ഥിക്കാന്‍ ശ്രമിച്ച ഇസ്‌ലാമിസ്റ്റ് ചേരിയെ കേരളത്തിലെ ഇസ്‌ലാഹീ പ്രസ്ഥാനം തിരസ്‌കരിച്ചതിനു പിന്നിലെ ഊര്‍ജ്ജങ്ങളില്‍ ഒന്ന് വക്കം മൗലവി പ്രദാനം ചെയ്ത ഉള്‍ക്കാഴ്ചകള്‍ തന്നെയായിരുന്നു.