#നവോത്ഥാനം

ഖിലാഫത്ത്-നിസ്സഹകരണ പ്രസ്ഥാനങ്ങളും മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബും

മാപ്പിള ബഹുജനങ്ങളെ വലിയ തോതില്‍ കോണ്‍ഗ്രസിലേക്കാകര്‍ഷിച്ചതു ഖിലാഫത്ത്-നിസ്സഹകരണ പ്രസ്ഥാനങ്ങളാണ്. കൊടുങ്ങല്ലൂരിലെ ഇസ്‌ലാഹീ യുവതലമുറയില്‍ പെട്ട മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്  കേരളത്തിന്റെ പൊതുരംഗത്തു പ്രശസ്തനാകുന്നതു കോണ്‍ഗ്രസ് ഒരു ജനകീയപ്രസ്ഥാനമായി രൂപപ്പെട്ട ഈ സന്ദര്‍ഭത്തിലാണ്. മൗലാനാ മുഹമ്മദലിയുടെ ഉപദേശപ്രകാരം ജാമിഅ മില്ലിയ്യയിലെ പഠനമുപേക്ഷിച്ച് അദ്ദേഹം ഖിലാഫത്ത് സംഘാടനത്തിനു വേണ്ടി നാട്ടില്‍ തിരിച്ചെത്തി. അദ്ദേഹവും ഇ മൊയ്തു മൗലവിയും കെ എം. സീതി സാഹിബും കെ. എം. മൗലവിയോടൊപ്പം ഖിലാഫത്ത് പ്രസ്ഥാനത്തില്‍ സജീവമായി.

ഇത്തരമൊരു പരിതസ്ഥിതിയിലാണ് 1921ല്‍ മലബാര്‍ സമരമുണ്ടായത്. ആറുമാസത്തോളം നീണ്ടുനിന്ന സമരം സമ്പൂര്‍ണമായി അടിച്ചമര്‍ത്തപ്പെട്ടു. ബ്രിട്ടീഷ് സര്‍ക്കാര്‍, മലബാറില്‍ മാര്‍ഷ്യല്‍ ലോ പ്രഖ്യാപിച്ചു. കലാപകാരികളായി മുദ്ര കുത്തപ്പെട്ട നൂറുകണക്കിനു പാവപ്പെട്ട മാപ്പിളക്കുടിയാന്‍മാരെ തൂക്കിലേറ്റി അവരുടെ കുടുംബങ്ങളെ അനാഥമാക്കി. പലരെയും ബെല്ലാരി ജയിലില്‍ കൊണ്ടുപോയി മൃഗീയമായി പീഢിപ്പിച്ചു. ‘വാഗണ്‍ ട്രാജഡി’ ആസൂത്രണം ചെയ്യുക വഴി, തങ്ങള്‍ മനുഷ്യപ്പിശാചുക്കളാണെന്നു ബ്രിട്ടീഷുകാര്‍ തെളിയിച്ചു.