#ജാതീയത

പിന്നോട്ടു പായുന്ന വില്ലുവണ്ടിയിലെ മുന്നോട്ടു പായുന്ന യുക്തിവണ്ടി!

മനുജ മൈത്രി നടത്തിയ ‘പിന്നോട്ട് പായുന്ന വില്ലുവണ്ടി‘ എന്ന പ്രഭാഷണം യുട്യൂബിൽ കണ്ടു. ഒരു ചെറുപ്പക്കാരിയായ സ്ത്രീ ആർജ്ജവത്തോടെ, ആത്മവിശ്വാസത്തോടെ തന്റെ വാദങ്ങൾ അവതരിപ്പിക്കുന്നു. ആ ആർജ്ജവത്തെയും ആത്മവിശ്വാസത്തെയും ആദരിച്ചുകൊണ്ടുതന്നെ അതിനോടുള്ള ചില വിയോജിപ്പുകൾ അവതരിപ്പിക്കുകയാണ്.

സംവരണം എന്ന വിഷയം ചർച്ചയായി ഉയർന്നുവന്ന സമീപകാലം നമുക്ക് ഓർമ്മയുണ്ടാവും. ജാതിയെ എങ്ങനെ സമീപിക്കണം എന്നതിനെക്കുറിച്ച് അക്കാലത്ത് കേരളത്തിലെ യുക്തിവാദികൾക്കിടയിലും ഒരു തർക്കം ഉയർന്നു വന്നിരുന്നു എന്നതും. അതിലെ രണ്ടു പക്ഷങ്ങളിൽ ഒന്നിൽ പ്രൊഫ.രവിചന്ദ്രനും അദ്ദേഹത്തെ അനുകൂലിക്കുന്നവരും മറുപക്ഷത്ത് ഡോക്ടർ വിശ്വനാഥൻ ചാത്തോത്തിനെയും ജബ്ബാർ മാഷിനെയും പോലെയുള്ളവരും ആയിരുന്നു എന്നും നമുക്കറിയാം.

അതിന്റെയൊരു തുടർച്ചയായാണ് ഈ പ്രഭാഷണവും അനുഭവപ്പെട്ടത്. പറയണോ, വേണ്ടയോ എന്നതുപോലെ തികച്ചും രേഖീയമായ ഒരു സമീപനത്തിലൂടെ ജാതിയെന്ന വ്യവസ്ഥയെ, അതുല്പാദിപ്പിച്ച ജാതീയത എന്ന മനോഭാവാത്തെ മനസിലാക്കാനാവില്ല എന്നു വ്യക്തം. ആ പരിമിതി ‘പിന്നോട്ട് പായുന്ന വില്ലുവണ്ടി‘ എന്ന പ്രഭാഷണത്തിലും മുഴച്ചുനിൽക്കുന്നു.

ജാതിവ്യവസ്ഥ എന്ന എതിർക്കപ്പെടേണ്ട ഒന്ന് ഇവിടെ നിലനിന്നിരുന്നു എന്നു മനുജ സമ്മതിക്കുന്നുണ്ട്. അത് ഉത്തരേന്ത്യയിലെ പോലെ പ്രകടവും പ്രത്യക്ഷവുമായി ഇന്നു കേരളത്തിൽ നിലനിൽക്കുന്നില്ല എന്ന മനുജയുടെ വാദം നമ്മളും സമ്മതിക്കുന്നുണ്ട്. എന്നാൽ അതുകൊണ്ടു ജാതിയുടെ ഉച്ചാടനം (അനിഹിലേഷൻ) നടന്ന ഒരു സമൂഹമായി നമ്മൾ മാറിയിട്ടുണ്ടോ?