#മതരാഷ്ട്രീയം

ഭയക്കേണ്ടത് അൽ ഖാസിമിയെയോ, തടങ്കൽ പ്രത്യയശാസ്ത്രമാകുന്ന പ്രതിലോമ മതയുക്തികളെയോ?

Pic. Courtesy: BBC

പോപ്പുലര്‍ ഫണ്ട് സഹയാത്രികനും ഇമാംസ് കൗണ്‍സിലിന്റെ സംസ്ഥാന സമിതി അംഗവും മതപ്രഭാഷകനുമായ ഷഫീഖ് അൽഖാസിമിക്കെതിരെ പോസ്കോ നിയമപ്രകാരം കേസ് രെജിസ്റ്റ്ർ ചെയ്തു. പ്രായപൂർത്തിയാവാത്ത ഒരു സ്കൂൾ വിദ്യാർത്ഥിനിയെ തന്റെ കാറിൽ കയറ്റി വിജനമായ സ്ഥലത്തുകൊണ്ടുപോയി പീഡിപ്പിക്കുവാൻ ശ്രമിക്കവേ നാട്ടുകാർ ശ്രദ്ധിക്കുകയും സംഭവം പുറത്താവുകയും ചെയ്ത് ഏതാനും ദിവസങ്ങൾ കഴിഞ്ഞാണു കേസ് എടുക്കുന്നത്.

പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ പ്രശസ്തരും അപ്രശസ്തരുമായ മനുഷ്യർ അറസ്റ്റിലാവുന്നത് ഇത് ആദ്യമൊന്നുമല്ല. ഒരു ജാതിക്കും മതത്തിനും സംഘടനയ്ക്കും തൊഴിൽ മേഖലയ്ക്കും തങ്ങളിൽ പെട്ടവരിൽ ഇത്തരക്കാരില്ല എന്നു വാദിക്കാനുമാവില്ല. പെൺകുട്ടികൾ മാത്രമല്ല, ബാല്യ കൗമാര പ്രായങ്ങളിൽ ആൺകുട്ടികളും ഇത്തരത്തിൽ പീഡിപ്പിക്കപ്പെടുന്നുണ്ട് എന്നു വാർത്തകൾ സൂചിപ്പിക്കുന്നു.

എന്നാൽ ഇതിൽ അങ്ങനെ നോർമലൈസ് ചെയ്യാനാവാത്ത ചില വ്യത്യാസങ്ങളുണ്ട്. അപൂർവ്വത്തിൽ അപൂർവ്വമായെങ്കിലും ഇത്തരം കേസുകൾ കെട്ടിച്ചമയ്ക്കപ്പെടാറുമുണ്ട് എന്നതിനാൽ കുറ്റം തെളിയുന്നതുവരെ ആരോപിതൻ നിരപരാധിയാണെന്നു വിശ്വസിക്കാനുള്ള അവകാശം അയാളുടെ ഉറ്റവർക്കുണ്ട്. എന്നാൽ ഒരു തൊഴിൽ മേഖലയിൽ പെട്ട ഒരാളിൽ ഇത്തരം ഒരു കുറ്റമാരോപിക്കപ്പെട്ടാൽ അത് ആ തൊഴിലിനെതിരെയുള്ള ഒരു ഗൂഡാലോചനയാണെന്ന് ആരും വാദിക്കാറില്ല.