#രാഷ്ട്രീയം

മലകയറുന്ന യുവതികൾ വിശ്വാസികളല്ല, ഹിന്ദുത്വവാദത്തെ എതിർക്കുന്ന ന്യൂനപക്ഷം ഹിന്ദുസ്ഥാനികളുമല്ല: എന്ന് കോൺഗ്രസ്, സോഫ്റ്റ് ഒപ്പ്

ഏഷ്യാനെറ്റ് ഉൾപ്പെടെയുള്ള വലതു മാധ്യമങ്ങൾ വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചു നടത്തിക്കൊണ്ടിരിക്കുന്ന പ്രതീതി നിർമ്മാണം ഇന്നും ഇന്നലെയും ഈ വന്ന സർവേയിലും ഒന്നും തുടങ്ങിയതല്ല. കേരളത്തിൽ കോൺഗ്രസിനെ തുണയ്ക്കുക എന്നതു തന്നെയാണവരുടെ അപ്രഖ്യാപിത നയം. അത് ഈ സർവേയിലും പ്രതിഫലിക്കുന്നു എന്നു മാത്രം. അല്ലാതെ അതൊരു തുടക്കമോ ഒടുക്കമോ അല്ല.

ബി ജെ പി സർക്കാരിനും മോഡിക്കും എതിരെയുള്ള ജനരോഷത്തെ ഐക്യമുന്നണിക്ക് അനുകൂലമായി കേന്ദ്രീകരിക്കുകയാണു ലക്ഷ്യം. എന്നാൽ ബി ജെ പിയുടെ നയങ്ങൾക്കെതിരേ അവരെക്കാൾ എത്രയോ തീവ്രമായി, ശക്തിയുക്തം എതിർത്തു പോകുന്ന ഇടതുമുന്നണിയുടെ സാന്നിധ്യം ഇവിടെ അവരുടെ ലക്ഷ്യത്തെ സുഗമമല്ലാതാക്കി മാറ്റുന്നു. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം അവരും ബി ജെ പിയുമല്ലാതെ മൂന്നാമതൊരു രാഷ്ട്രീയ ശക്തിയുടെ സാന്നിധ്യമുള്ളിടത്തെല്ലാം ഈ വെല്ലുവിളി അവർ നേരിടുന്നുണ്ട്. കാരണം ബി ജെ പിയുടെ രാഷ്ട്രീയ, സാംസ്കാരിക, സാമ്പത്തിക നയങ്ങൾക്കു കൃത്യമായൊരു ബദൽ രൂപീകരിക്കാൻ ഇനിയും അവർക്കായിട്ടില്ല എന്നതു തന്നെ.

കേരളത്തിൽ ഈ പ്രശ്നത്തെ നേരിടാൻ കോൺഗ്രസും മാധ്യമങ്ങളും ചേർന്ന് ഉണ്ടാക്കിയ പദ്ധതി ലളിതമാണ്. ബി ജെ പി സർക്കാർ മാറണം, മാറിയേ മതിയാവൂ. അപ്പോൾ പകരം ആർ? കോൺഗ്രസു തന്നെ. അങ്ങനെയെങ്കിൽ കോൺഗ്രസിനെ ഏതെങ്കിലും നിലയ്ക്കു രാഷ്ട്രീയ വിഷമവൃത്തത്തിലാക്കുന്ന പ്രവർത്തികൾ ചെയ്യുന്നവർ ഒക്കെയും ബി ജെ പി അനുകൂലികളാണ്. അതിനെ ഉറപ്പിക്കാൻ അവർ ചരിത്രത്തിൽ നിന്നുവരെ സാക്ഷ്യങ്ങൾ നിർമ്മിച്ചു നിരത്തുന്നുണ്ട്. ബി ജെ പിയും സി പി എമ്മും പണ്ട് സഖ്യത്തിലായിരുന്നു എന്നതാണത്.