#നവോത്ഥാനം

ഗുരുവിന്റെ അപ്രോപ്രിയേഷൻ: മാസ്റ്റർ പ്ളാൻ

18 Feb, 2019

ഗുരു ഒരേ സമയം ഒരു ആത്മീയ ആചാര്യനും സാമുഹ്യ പരിഷ്കര്‍ത്താവുമായി വായിക്കപ്പെടുന്നുണ്ട്. എന്നാല്‍ ഇതില്‍ ഏതിനാണു ഗുരു തന്റെ ജീവിതത്തില്‍ പ്രാമുഖ്യം കൊടുത്തിരുന്നത് എന്നു ചോദിച്ചാല്‍ അതു സാമുഹ്യ പരിഷ്കരണത്തിനായിരുന്നു.

ഒരു സാമൂഹ്യ പരിഷ്കര്‍ത്താവിന് ആദ്യം തന്റെ സമുദായത്തിന്റെയും തുടര്‍ന്നു മറ്റു സമുദായങ്ങളുടെയും വിശ്വാസം ആര്‍ജ്ജിക്കെണ്ടതുണ്ടായിരുന്നു. എന്നുവച്ചാല്‍ ഒരു സമുഹം നിലനില്‍ക്കുന്ന സാംസ്കാരിക അവസ്ഥ മനസിലാക്കി അതില്‍നിന്നും മുമ്പോട്ടു പോകാന്‍ പ്രായോഗികമായ ഒരു പ്രവര്‍ത്തി പദ്ധതി ഉണ്ടാക്കി ഘട്ടംഘട്ടമായി നടപ്പിലാക്കിക്കൊണ്ടേ അതു സാദ്ധ്യമാകൂ എന്ന്.

ഗുരു കേരളം കണ്ട ഏറ്റവും പ്രയോഗമതിയായ സാമുഹ്യ പരിഷ്കര്‍ത്താവായിരുന്നു എന്നു നിസ്സംശയം പറയാം. ഒരു സമുഹത്തില്‍ മാറ്റം സാദ്ധ്യമാകണമെങ്കില്‍ അതില്‍ ഉറച്ച സാംസ്കാരിക നേതൃസങ്കല്പങ്ങളോടു കേവലമായി കലഹിച്ചുകൊണ്ട് അതു സാദ്ധ്യമല്ല, അതു റിബലുകളുടെ വഴിയാണ് എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. കേവലനിഷേധം ന്യായമായ പ്രതിഷേധങ്ങളെയും അടിച്ചമർത്താൻ ഭരണകൂടത്തിനു അനുകൂല യുക്തികൾ മാത്രമേ സംഭാവന ചെയ്യൂ എന്നും. അതുകൊണ്ട് അദ്ദേഹം ഒരുദിവസം കാലത്ത് എഴുന്നേറ്റു സവർണ്ണർക്കു മാത്രം പ്രവേശനമുള്ള അമ്പലത്തിൽ കയറുകയല്ല ചെയ്തത്.