#നിയമവാഴ്ച

അപ്പോളിനി കൊട്ടിയൂരിൽനിന്നും ഉയരട്ടെ കേരളീയ നീതിബോധത്തിന്റെ ഒരു ദീർഘനിശ്വാസം

ഫാദർ റോബിൻ വടക്കാഞ്ചേരിക്കെതിരെ പോസ്കോ നിയമപ്രകാരം എടുത്ത കേസിൽ അയാൾ കുറ്റക്കാരനാണെന്നു തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞു എന്നത് ആശ്വാസകരമാണ്. കാരണം അത് അത്ര എളുപ്പമായിരുന്നില്ല എന്നതു തന്നെ.

ഒന്നാമതു പോസ്കോ കേസിൽ കൺവിക്ഷൻ നിരക്കു വളരെ കുറവ്. രണ്ടാമതു കുറ്റാരോപിതൻ കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിൽ വൻസ്വാധീനമുള്ള ഒരു ക്രൈസ്തവ സഭയുടെ പ്രതിനിധി. മൂന്നാമത് അതിജീവിതയായ പെൺകുട്ടിയും അവളുടെ മാതാപിതാക്കളും ഉൾപ്പെടെ മിക്കവാറും സാക്ഷികൾ കൂറുമാറുകയും പ്രധാനപ്പെട്ട പല രേഖകളും ഒരു കാരണവുമില്ലാതെ വായുവിൽ അലിഞ്ഞുചേരുകയും ചെയ്ത സാഹചര്യം.

ഇവയെയൊക്കെ അതിജീവിച്ചും ഇത്തരം കേസുകളിൽ കുറ്റം തെളിയിക്കാനാവും എന്നതു വാസ്തവത്തിൽ ശാസ്ത്രീയമായ തെളിവുകളുടെ വിജയമാണ്. മുഖ്യമായും അവയെ മാത്രം അവലംബിച്ച് ആയാലും പ്രോസിക്യൂഷനു നിലനിൽക്കാനാവും എന്നതു ‘മുള്ളൂരും മുപ്പതിനായിരവും‘ എന്ന നിരക്കിൽ പ്രാസമൊത്തു വന്നാൽ ആർക്കും ആർക്കെതിരെയും എന്തും ചെയ്തു പുല്ലു പോലെ ഊരിവരാം എന്ന പഴയ അവസ്ഥയിൽ നിന്നും ഒരു മാറ്റം തന്നെയാണ്. അതാവട്ടെ വാസ്തവത്തിൽ നീതിന്യായ വ്യവസ്ഥയുടെ, അതുമാത്രം അവലംബമായുള്ള ആലംബഹീനരുടെ ആ വ്യവസ്ഥയിലുള്ള വിശ്വാസത്തിന്റെ വിജയവും.