#നവോത്ഥാനം

നവോത്ഥാനത്തിന്റെ വീണ്ടെടുപ്പിനൊരു രാഷ്ട്രീയ ആമുഖം: ഉപസംഹാരം

ഇതുവരെ പറഞ്ഞുവന്നതു ചുരുക്കിയാൽ നാരായണഗുരുവിന്റെ ആത്മീയത എന്നതു രാഷ്ട്രീയ ഹിന്ദുത്വവാദം (പൊളിറ്റിക്കൽ ഹിന്ദുയിസം) മുമ്പോട്ടു വയ്ക്കുന്ന യാഥാസ്ഥിതികവും സത്താവാദപരവുമായ ആത്മീയതയുമായി ഒരു ബന്ധവുമില്ലാത്ത ഒന്നായിരുന്നു എന്നു വ്യക്തമാകുന്നു. അദ്ദേഹം ഇക്കണ്ട ക്ഷേത്രങ്ങളൊക്കെയും ഉണ്ടാക്കിയതു ഹിന്ദു ആത്മീയത പ്രചരിപ്പിക്കാനായിരുന്നില്ല എന്നും.

നാരായണഗുരുവിനു രാഷ്ട്രീയവും സാമൂഹ്യവുമായ ഒരു വ്യതിരിക്ത ദർശനമുണ്ടായിരുന്നു. അത് ആധുനികമായ തുല്യതാബോധത്തിൽനിന്നും യുക്തിചിന്തയിൽ നിന്നും ഉടലെടുത്തതും. ജാതിചിന്തയിൽ അധിഷ്ടിതമായി കെട്ടിപ്പടുക്കപ്പെട്ടതുമായ ഒരു പ്രാകൃത സമൂഹത്തെ യുക്തിചിന്തയിലൂന്നുന്ന തുല്യതാ ബോധത്തിലേക്കു കൊണ്ടുവരാൻ ഇവയ്ക്കു രണ്ടിനും ഇടയിലെ അഗാധവിസ്തൃതമായ വിടവിനെ മറികടക്കാൻ ഒരു പാലം വേണം എന്ന് അദ്ദേഹം കരുതി. അതിനായി സമൂഹത്തിനു പരിചിതമായ ആത്മീയ പരിവേഷങ്ങളെ, ആരാധനാലങ്ങൾ പോലെയുള്ള ആത്മീയ സ്ഥാപനങ്ങളെ ഉപയോഗിക്കാം എന്നത് അദ്ദേഹത്തിന്റെ സാമൂഹ്യ പരിഷ്കരണ പദ്ധതിയുടെ ഭാഗമായിരുന്നു. അല്ലാതെ അതു വിഗ്രഹാരാധനയെ തന്നെയും പ്രോൽസാഹിപ്പിക്കാനുള്ളതായിരുന്നില്ല എന്നു മേല്പറഞ്ഞ ഗുരു സന്ദേശത്തിൽ നിന്നുതന്നെ വ്യക്തമാകുന്നു.

അദ്ദേഹം ക്ഷേത്രങ്ങൾ നിർമ്മിക്കുകയും പ്രതിഷ്ഠ നടത്തുകയും ചെയ്തിരുന്നു. പക്ഷേ അതിന്റെ ലക്ഷ്യം വിഗ്രഹാരാധന പ്രചരിപ്പിക്കലായിരുന്നില്ല, മറിച്ചു ദൈവസങ്കല്പത്തിനു സമൂഹത്തിലുള്ള സ്വീകാര്യതയെ അതിന്റെ ധനാത്മക പരിണാമത്തിനായി ഉപയോഗിക്കാൻ കഴിയുമോ എന്ന അന്വേഷണമായിരുന്നു അത്. പരാജയപ്പെട്ടത് എന്ന് അദ്ദേഹം തന്നെ തിരിച്ചറിയുന്ന ആ പരീക്ഷണത്തിൽ അദ്ദേഹം എത്തിച്ചേർന്ന നിഗമനം “ശുചിയും മറ്റും ഉണ്ടാക്കുവാൻ ക്ഷേത്രം കൊള്ളാം“ എന്നതും.