#രാഷ്ട്രീയം

മുതലക്കണ്ണീരിന്റെ രാഷ്ട്രീയം കൊണ്ടല്ല, നീതിബോധത്തിന്റെ ജനാധിപത്യം കണ്ട്; ആയുധം താഴെയിടുക തന്നെ വേണം

ഈ കഴിഞ്ഞ ഞായറാഴ്ച രാത്രി കാസർകോട് പെരിയയിൽ വച്ചു ദാരുണമായി കൊലചെയ്യപ്പെട്ടത് രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാത്രമല്ല. പത്തൊമ്പതുകാരനായ കൃപേഷിനെയും സുഹൃത്ത് ശരത്തിനെയും ഇരുളിൽ വെട്ടിവീഴ്ത്തിയതു സി പി എം പ്രവർത്തകരാണെങ്കിൽ അവർ ആ യുവാക്കൾക്കൊപ്പം തങ്ങളുടെ രാഷ്ട്രീയത്തെ കൂടിയാണു കൊന്നിരിക്കുന്നത്.

തീർച്ചയായും ഇതിനു പിന്നിൽ ഒരു അക്രമപരമ്പരയുടെ പശ്ചാത്തലമുണ്ട്. പാർട്ടിയുടെ പ്രാദേശിക നേതാവിനെ ആക്രമിച്ചു പരിക്കേല്പിച്ച കേസിൽ വധശ്രമത്തിനു കേസ് എടുക്കപ്പെട്ടു ജയിലിൽ ആയിരുന്നവരാണു ജാമ്യത്തിലിറങ്ങിയപ്പോൾ കൊല്ലപ്പെട്ടിരിക്കുന്നത്. പക്ഷേ അത് ഈ കൃത്യത്തിനൊരു തരത്തിലും ന്യായീകരണമാകുന്നില്ല.

ഇതൊരു രാഷ്ട്രീയ കൊലപാതകമാണെന്നത്രേ പൊലീസിന്റെ പ്രാഥമിക നിഗമനം. നേതാവിനെ തല്ലിയതിനു പാർട്ടിക്കാർ കൊന്നു പക തീർത്തു എന്ന നിലയിൽ അതു ശരി തന്നെ. പക്ഷേ അത് ഒരു ആധുനിക ജനാധിപത്യത്തിൽ രാഷ്ട്രീയ കൊലപാതകമായല്ല, ഗോത്രീയ കൊലപാതകമായാവും നിലനിൽക്കുക. രാഷ്ട്രീയ പ്രവർത്തനത്തിൽ, അതിന്റെ ഭാഗമായി അനിവാര്യമായ ഘട്ടങ്ങളിൽ ഉണ്ടാവുന്ന സംഘർഷങ്ങളിൽ, അതിൽ യാദൃശ്ചികമായൊ, അല്ലാതെയോ ഉണ്ടാവുന്ന കൊലപാതകങ്ങളിലൊന്നും വ്യക്തിയും വ്യക്തിഗത പകയും പ്രതികാരദാഹവും അതിന്റെ പ്രാകൃതമായ അർത്ഥത്തിൽ നിലനിൽക്കാൻ പാടില്ല.