#നിരീക്ഷണം

മാതാ പിതാ ഗുരു ദൈവം, ശരി; പക്ഷെയീ ഗുരുക്കന്മാരെന്തേ ഇങ്ങനെ?

ഈ വാർത്ത പുറത്തുകൊണ്ടുവന്ന ഡൂൾന്യൂസിനു പ്രത്യേക അഭിവാദ്യം അർപ്പിച്ചുകൊണ്ട് പറയട്ടെ, നിലമ്പൂർ ആശ്രമം സ്കൂളിലെ ആദിവാസി കുട്ടികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ സവിശേഷ ശ്രദ്ധ ആവശ്യപ്പെടുന്ന ഒന്നാണ്.

എന്തുകൊണ്ട് ഇത്തരം സംഭവങ്ങൾ ഉണ്ടാവുന്നു? ഒരു വശത്തു മാതാ പിതാ ഗുരു ദൈവമെന്നിങ്ങനെയുള്ള വാഴ്ത്തുപാട്ടുകൾ. മറുവശത്തു ഗുരുക്കന്മാരുടെ പീഢന വാർത്തകൾ. എല്ലാ അധ്യാപകരും ഇങ്ങനെയല്ല എന്നതു ശരി തന്നെ. പക്ഷേ ഇത്തരം അദ്ധ്യാപകർ വിരലിൽ എണ്ണാവുന്നവരല്ല. അവർ ഏതെങ്കിലും ചില സ്ഥലങ്ങളിൽ മാത്രമായി കാണപ്പെടുന്ന ഒരു പ്രതിഭാസവുമല്ല. പ്രബലരായ രക്ഷിതാക്കളുടെ മക്കൾ പഠിക്കുന്ന പ്രമുഖ സ്ഥാപനങ്ങളിൽ അദ്ധ്യാപകർ പഞ്ചപുച്ഛമടക്കി പണിയെടുത്തു പോരുന്ന വിപരീത കാഴ്ചയും ഉണ്ടാവാം. പക്ഷേ എന്തുകൊണ്ട് ഇതു സംഭവിക്കുന്നു?

ഏതു തൊഴിലിലും അഭിരുചി എന്ന ഒരു ഘടകം പ്രവർത്തിക്കുന്നുണ്ട്. ചിലതിൽ കൂടുതൽ, ചിലതിൽ കുറവ്. വണ്ടിയോടിക്കാനും ക്രിക്കറ്റു കളിക്കാനും പഠിക്കാനാവും എന്ന പോലെ അധ്യാപകനാകാനും പഠിക്കാനാവും. പക്ഷേ വണ്ടിയോടിക്കുന്നതു തൊഴിലല്ലെങ്കിൽ അതിൽ പ്രത്യേക അഭിരുചി ഒരു വലിയ ആവശ്യമല്ല. ക്രിക്കറ്റ് തൊഴിലാക്കണമെങ്കിൽ അതിൽ കടുത്ത തിരഞ്ഞെടുപ്പിനെ അതിജീവിക്കേണ്ടിവരും എന്നതിനാൽ അഭിരുചിയുള്ളവരേ അതിനു മെനക്കെടൂ. (ക്രിക്കറ്റെന്നു വച്ചാൽ ഏതു കായിക ഇനവും) എന്നാൽ ഒരാൾ അദ്ധ്യാപകനാവാൻ പഠിക്കുന്നത് ഇതു പോലെയല്ല.