#രാഷ്ട്രീയം

വി ടി ബലറാമിന്റെ സംഘിതന്ത്രങ്ങൾ

25 Feb, 2019

വി ടി ബലറാം കമ്യൂണിസ്റ്റുകൾക്കെതിരെ സംഘപരിവാർ പ്രയോഗിക്കുന്ന തന്ത്രവും വിമർശനവും കൃത്യമായി ഉപയോഗിക്കുന്ന കോൺഗ്രസുകാരനാണ്.

  1. എ കെ ജിയെ അപമാനിച്ചപ്പോൾ സംഘപരിവാർ ഇന്ത്യയിൽ പ്രയോഗിക്കുന്ന ഒരു 'ചരിത്രവായനയുടെ' പ്രശ്നത്തെ ബാലറാമിന്റെ പരാമർശത്തോടു ചേർത്തു പറഞ്ഞിരുന്നു. നെഹുറുവിനെ, ഇന്ദിരയെ, സോണിയയെ സംഘ്പരിവാർ ചരിത്രപരമായി കാണുന്ന ഒരു രീതിയുണ്ട്. പരമാവധി വ്യക്തിപരമായി അധിക്ഷേപിക്കുകയായിരുന്നു അവർ ചെയ്തത്. മരിച്ചുപോയവരെക്കുറിച്ച് അങ്ങനെ ഒരു ഇമേജ് ഉണ്ടാക്കുവാൻ സംഘികൾ എന്നും ശ്രമിക്കാറുണ്ട്. പോളീഷ് ചരിത്രത്തിനപ്പുറം മറ്റൊന്നും പുസ്തകങ്ങളിൽ നിന്ന് അവർക്ക് എടുക്കാനില്ലാതെ വരുമ്പോൾ പാരമ്പര്യമുള്ള രാഷ്ട്രീയത്തെ അശ്ലീലവത്കരിക്കുക എന്ന രീതിയാണു സംഘികൾ ചെയ്യാറുള്ളത്.

    ആ ശൈലി എ കെ ജിയെ അശ്ലീലവൽക്കരിച്ചതിലൂടെ കേരളത്തിൽ കൊണ്ടുവന്ന ഒരു കോൺഗ്രസുകാരനാണു ബലറാം.

  2. മീരയെ അധിക്ഷേപിച്ചപ്പോൾ ബൽറാമിനു കിട്ടിയ ലൈക്കിലുണ്ട് ഒരു സംഘചിത്രം. ഇന്ത്യയുടെ സാംസ്‌കാരിക-സാഹിത്യ രംഗത്തെ എല്ലാ പ്രമുഖവ്യക്തിത്വങ്ങളും കേട്ട ചോദ്യമാണു ബലറാം ചോദിച്ചത്. ഗുജറാത്തിനെക്കുറിച്ച്, കാശ്മീരിനെക്കുറിച്ചു സംസാരിക്കുമ്പോൾ മല്ലിക സാരാഭായ് മുതൽ അരുന്ധതി റോയ് വരെ കേട്ടതാണിത്. നിങ്ങൾ പട്ടാളക്കാർ മരിക്കുമ്പോൾ എവിടെയാണ് ?

    ദേശിയ തലത്തിലെ എഴുത്തുകാരൊക്കെയും ഇങ്ങനെയുള്ള ചോദ്യങ്ങൾ കേട്ടിട്ടുണ്ട്. കൽബുർഗി മരിച്ചപ്പോൾ ആഹ്ലാദിച്ചവരും അനന്തമൂർത്തിക്കു റീത്തു വെച്ചവരും സംഘപരിവാറിന്റെ ഇത്തരം ചോദ്യങ്ങളിൽ നിന്നു വളർന്നു വന്നവരാണ്. എഴുത്തുകാരൊക്കെ സെലക്ടീവ് രാഷ്ട്രീയക്കാരാണെന്ന് ഉത്തരേന്ധ്യയിൽ വ്യപകമായ തോന്നലുണ്ട്. അർണാബ് ഗോസ്വാമിയുടെ ഭക്തർ ബലറാം ഭക്തരെക്കാൾ നന്നായി എഴുത്തുകാരെ തെറി വിളിക്കും.

    പക്ഷെ, ഈ ശൈലി കേരളത്തിൽ കണ്ടിട്ടില്ല. അതിന്റെ വർത്തമാന തുടക്കമാണ് ബാലറാമിലൂടെ കാണുന്നത്.ഇനി സംഘവിരുദ്ധമായി മലയാള സാംസ്‌കാരിക ലോകം പ്രതികരിക്കുമ്പോൾ കെ സുരേന്ദ്രനു ബാലറാമിനെ കോപ്പി ചെയ്താൽ മതി.

ഇന്ത്യയിലെ മുഖ്യധാരാ എഴുത്തുകാർ ഈ ചോദ്യം പലപ്പോഴും കേട്ടത് അവർ ന്യൂനപക്ഷ നയം സ്വീകരിച്ചപ്പോഴാണ്. 'മുസ്ലിങ്ങൾ' കശ്മീരിലെ പണ്ഡിറ്റുകളെ ഓടിച്ചപ്പോൾ ആ ഹിന്ദുക്കളെപ്പറ്റി ആരു പറഞ്ഞു എന്നാണ് അപ്പോഴത്തെ ചോദ്യം. അന്നു പക്ഷെ, ഇന്ത്യയിലെ മുസ്ലിംകൾ ഈ എഴുത്തുകാർക്കൊപ്പം പരമാവധി നിന്നിട്ടുണ്ട്

ഇവിടെ ബലറാം ഈ പണിയെടുക്കുമ്പോഴും മുസ്ലിങ്ങളായ ചിലർ വല്ലാതെ തെറി വിളിക്കുന്നു! മുസ്ലിം ലീഗ് അണികൾക്ക് എത്ര ചരിത്രബോധമുണ്ട് എന്ന ചോദ്യം മൗഢ്യമാണെങ്കിലും പ്രസക്തമാണ്! ഇതേ കൂട്ടർ നാളെ സംഘികൾ ഇതേ ന്യായം പറഞ്ഞു മീരയെ തെറി വിളിക്കുമ്പോൾ എവിടെ നിൽക്കും. ഇതിൽ വലിയ അത്ഭുതമില്ല, മലപ്പുറം ജില്ലയ്ക്കു വേണ്ടി യാത്ര നടത്തി ജനങ്ങളെ ബോധ്യപ്പെടുത്തി പ്രസംഗിച്ചു നടന്ന എ കെ ജിയെക്കാൾ വലിയ ന്യൂനപക്ഷ രാഷ്ട്രീയപാരമ്പര്യം ബാലറാമിന് ഉണ്ടെന്നു വരെ ഈ മുസ്ലിം ഭക്തർ കരുതുന്നുണ്ട്.