#രാഷ്ട്രീയം

നിശബ്ദതയുടെ കൊടി പുതച്ച് മരണത്തിലേക്കു പിടഞ്ഞു തീരുന്നവർ

പതിനെട്ടു വയസായ ഒരു വ്യക്തിയുടെ രാഷ്ട്രീയപക്ഷപാതിത്വം നൈതികമായ് അംഗീകരിക്കുന്ന ഒരു വ്യവസ്ഥയാണ് ഇന്ത്യയിലുള്ളത്. പതിനെട്ടു കഴിഞ്ഞൊരാളെ രാഷ്ട്രീയമനുഷ്യരായി നോക്കിക്കാണുന്ന അഭിനന്ദാർഹമായൊരു ജനാധിപത്യനിലപാടാണത്.

സമൂഹവുമായി ഇടപഴകി തുടങ്ങുന്ന മനുഷ്യരും രാഷ്ട്രീയപക്ഷപാതിത്വമുള്ളവർ തന്നെ. നിഷ്പക്ഷത, അരാഷ്ട്രീയത, ആത്മീയത, നിർമമത, നിർവാണം തുടങ്ങിയ ആശയങ്ങൾ കൂടി രാഷ്ട്രീയപക്ഷപാതിത്വത്തോടു കൂടിയാണു ചരിത്രത്തിൽ പ്രവർത്തിച്ചു പോരുന്നതെന്നു കാണാം.

അറിഞ്ഞൊ അറിയാതെയൊ ഉള്ള പക്ഷപാതിത്വങ്ങൾ എന്ന ദ്വന്ദഭാവനയും ഇന്ന് അപ്രസക്തമായിട്ടുണ്ട്. രാഷ്ട്രീയമായ അറിവില്ലായ്മയ്ക്ക് ഇളവ് അനുവദിക്കുന്നതിനെ പ്രീണനമെന്നൊ ഒളിച്ചോട്ടമെന്നൊ വിളിച്ച് സൂക്ഷ്മരാഷ്ട്രീയവിശകലനങ്ങൾ ഒരു പടി കൂടി മുന്നോട്ട് പോയിരിക്കുന്നു. ജീവിതം അപ്പടി ഒരു രാഷ്ട്രീയപ്രതിഭാസമാണെന്നാണ് ഇന്നു പരക്കെ വിശ്വസിക്കപ്പെടുന്നത്. ഒരു വ്യക്തിയുടെ പേര്, അയാൾ ജനിച്ച വംശം, പ്രദേശം അങ്ങനെ എന്തും രാഷ്ട്രീയമായി വിശകലനം ചെയ്യപ്പെടുകയും അയാളുടെ പക്ഷപാതിത്വം എവിടെയാണെന്നു നിർണ്ണയിക്കപ്പെടുകയും ചെയ്യുന്നു.