#നിരീക്ഷണം

വയനാട്: തണ്ടർബോൾട്ടിന് ഇടി ചായാൻ എളുപ്പമുള്ള ചില മാവോയിസ്റ്റ് തെങ്ങിൻ തലപ്പുകൾ....!

വയനാട്ടിൽ നടന്ന ഏറ്റുമുട്ടൽ കൊലപാതകവുമായി ബന്ധപ്പെട്ടു പൊതുബോധത്തിൽ അലയടിക്കുന്ന മാവോയിസ്റ്റ്, നക്സൽ സ്നേഹത്തിന്റെ പൊള്ളത്തരം മനസിലാകാഞ്ഞിട്ടല്ല....

തീവ്ര കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്ന വിപ്ളവവാദികളെ സംബന്ധിച്ചിടത്തോളം ജനാധിപത്യവും മതേതരത്വവും (മതം എന്നുവച്ചാൽ അഭിപ്രായം, കാഴ്ചപ്പാട് തുടങ്ങിയ അർത്ഥങ്ങളിൽ) മനുഷ്യാവകാശങ്ങളുമുൾപ്പെടെയുള്ള ലിബറൽ ഹ്യൂമനിസ്റ്റ് ആശയങ്ങൾക്ക് അവർ വലിയ മൂല്യമൊന്നും കല്പിക്കുന്നില്ല. അവർ ധനാത്മകമെന്നു വിശ്വസിക്കുന്ന ഒരു വ്യവസ്ഥയുടെ സ്ഥാപനം വരെയെങ്കിലും. അങ്ങനെയുള്ളവർ തിരിച്ച് അത്തരം ലിബറൽ മാനവികതയുടെ ആനുകൂല്യങ്ങൾ പ്രതീക്ഷിക്കുന്നതിലും ഒരുതരം ഏകപക്ഷീയതയുണ്ട്. അതും സമ്മതിക്കുന്നു.

ഒരു ജനാധിപത്യവ്യവസ്ഥയിൽ നിന്നുകൊണ്ടായാലും തോക്കിൻ കുഴലിലൂടെ വിപ്ളവം വിഭാവനം ചെയ്യുന്നതിൽ തെറ്റൊന്നുമില്ല, അതു നടപ്പാൻ പറ്റിയാൽ. അതു സംഭവിച്ചാൽ പിന്നെ നിയമങ്ങൾ വിപ്ളവ പക്ഷമായിരിക്കുമല്ലോ. പക്ഷേ നടന്നില്ലെങ്കിൽ, പരാജയപ്പെടുന്ന സായുധ വിപ്ളവശ്രമങ്ങൾ ജനാധിപത്യവ്യവസ്ഥയിൽ ഭരണകൂട അട്ടിമറി ശ്രമങ്ങളായിരിക്കും. അതു നിലവിലെ നിയമവ്യവസ്ഥയിൽ കുറ്റകരമാണ്. ആ ശ്രമത്തിൽ എത്രപേർ കൊല്ലപ്പെട്ടു എന്നതിനനുസരിച്ചു ശിക്ഷയുടെ വ്യാപ്തിയും കൂടും. യുദ്ധത്തിൽ ഫെയറും ഫൗളുമില്ല എന്നതു മാവോയിസ്റ്റുകളും അംഗീകരിച്ച പൊതു സിദ്ധാന്തമാണെന്നതിനാൽ അവരെ സംബന്ധിച്ചിടത്തോളം ജയവും തോൽവിയും എന്ന രണ്ടു സാധ്യതകൾക്കിടയിലുള്ള വിപ്ളവം അല്ലെങ്കിൽ രക്തസാക്ഷിത്വം എന്ന രണ്ടു വ്യക്തിഗത ലക്ഷ്യങ്ങളേ ഉള്ളു. ആദ്യത്തേതു നടക്കാത്തിടത്തോളം രണ്ടാമത്തേത് അവർക്ക് ഊർജ്ജബന്ധിയായ ഒരു നിക്ഷേപമാണ്. അവർ ബൂർഷ്വ ജനാധിപത്യത്തിന്റെ മാനവികതാ മൂല്യങ്ങളുടെ ഇളവും മര്യാദയും പ്രതീക്ഷിച്ചല്ല ഈ പണിക്കിറങ്ങുന്നത്, അവരിൽ നിന്നും അതു പ്രതീക്ഷിക്കണ്ട എന്നതും സത്യം തന്നെ.

പ്രശ്നം അവിടെയൊന്നുമല്ല. നമ്മൾ ഒരു ജനാധിപത്യ വ്യവസ്ഥയിലാണു നിലനിൽക്കുന്നത്. അതാവട്ടെ കേവലമായ എണ്ണത്തിലല്ല, അതു നിർവചിക്കപ്പെട്ടിരിക്കുന്ന മൂല്യങ്ങളിലാണു നിലനിൽക്കുന്നത്. അവയ്ക്കെതിരാണീ നടന്ന കൊല.