#രാഷ്ട്രീയം

കേരളത്തിൽ ഇരുപതും വലത്തോട്ട്: തള്ള് ഓകെ ബ്രോ, എന്നുവച്ചു മനുഷ്യരുടെ മനസ്സു നിങ്ങൾക്കു മരത്തിൽ കാണാവുന്നത്ര ഒരു പരാജയമല്ലല്ലൊ!

കേരളത്തിൽ നടക്കാൻ പോകുന്ന പാർലമെന്റ് ഇലക്ഷനിൽ വോട്ടർമാർ മുഖ്യമായും പരിഗണിക്കുന്ന പൊതുവിഷയങ്ങൾ എന്തൊക്കെയായിരിക്കും?

ന്യൂനപക്ഷ സമുദായങ്ങളും, അവയിലും ഭൂരിപക്ഷ സമുദായത്തിലുമുള്ള ജനാധിപത്യവാദികളും മുഖ്യപ്രശ്നമായി കാണുക കേന്ദ്രത്തിലെ ബി ജെ പിയുടെ ദുർഭരണം അവസാനിപ്പിക്കുക തന്നെയാവും എന്നുറപ്പ്. അതു പക്ഷേ ഇവിടെ സ്വതവേ ദുർബലമായ ബി ജെ പിക്കെതിരെയുള്ള ഒരു വിധിയെഴുത്തായാവില്ല പ്രതിഫലിക്കുക. അതായതു ബി ജെ പി വിരുദ്ധ വികാരം ഇവിടെ നിർണ്ണായകമാകുമെങ്കിലും അതു ബി ജെ പിയുടെ സാധ്യകളിലുപരി ബാധിക്കുക മറ്റു രണ്ടു മുന്നണികളുടെ സാധ്യതയെ ആയിരിക്കും.

ബി ജെ പിയെ ഭരണത്തിൽ നിന്നും മാറ്റുക എന്ന കേരളത്തിലെ ഭൂരിപക്ഷ ജനവികാരം മുൻനിർത്തി തന്നെയാവും ഇടതു, വലതു മുന്നണികൾ തിരഞ്ഞെടുപ്പിനെ നേരിടുക എന്നു വ്യക്തം. എന്നാൽ ആ ലക്ഷ്യത്തിന്റെ സാക്ഷാത്കാരത്തിനായാണെങ്കിൽ ആർക്കു വോട്ടുചെയ്യുകയാവും നന്ന് എന്ന ചോദ്യം അത്ര ലളിതമല്ല. കോൺഗ്രസിനെയും ഐക്യജനാധിപത്യ മുന്നണിയെയും സംബന്ധിച്ചിടത്തോളം ഈ ചോദ്യത്തിനു ലളിതമായ ഒരുത്തരമുണ്ട്. ബി ജെ പി തോൽക്കണമെങ്കിൽ കോൺഗ്രസ് ജയിക്കണം. അല്ലാതെ വേറൊരു ഓപ്ഷനില്ല. ഇടതുപക്ഷം ജയിച്ചാലും പാർലമെന്റിൽ പോയി അവർ കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന മുന്നണിക്കു പിന്തുണ നൽകണം. അല്ലാതെ സ്വയമൊരു മൂന്നാം ഓപ്ഷനായി മാറുവാനുള്ള ശക്തി അവർക്കില്ല. അപ്പോൾ എന്തിനു വളഞ്ഞ വഴി? ബി ജെ പിയെ തോല്പിക്കുകയാണു മുഖ്യമായ ലക്ഷ്യമെങ്കിൽ കോൺഗ്രസിനു വോട്ടു ചെയ്യുകയല്ലേ വേണ്ടത്?