#നിരീക്ഷണം

ഉടന്‍കൊല്ലിപ്പരിപാടികള്‍ തിരുനെല്ലിക്കാട്ടിലോ ഉഴുന്നുവടസമരവേദികളിലോ ഒക്കെ അടിക്കാനേ കൊള്ളൂ, പൊളിറ്റിക്കല്‍ ചേയ്ഞ്ചിന് പ്രോസസ്സിന്റെ ബാക്കിങ് വേണം

14 Mar, 2019

അമ്പതു ശതമാനത്തിലധികം വോട്ടര്‍മാര്‍ സ്ത്രീകളാണു കേരളത്തില്‍. (നോര്‍ത്തിലെ കാര്യം പൊത്തുംപിടിയാണ്. വികസിച്ചു പൊട്ടാന്‍ നില്‍ക്കുന്ന ഗുജറാത്തില്‍ വരെ ആയിരം പുരുഷന്‍മാര്‍ക്ക് 918 സ്ത്രീകളേയുള്ളൂ. ബാക്കി എവിടേന്നു ചോദിച്ചാല്‍ കുട്ടി പെണ്ണാണെന്നു മനസ്സിലാവുമ്പോള്‍ വെള്ളത്തില്‍ മുക്കിയോ നെല്ല് വായിലിട്ടോ കീടനാശിനി ഒഴിച്ചുകൊടുത്തോ കൊന്നുകളഞ്ഞു, അത്രതന്നെ! വികസനത്തിനു തടസ്സമാവരുതല്ലോ!) എന്നിട്ടും എന്തുകൊണ്ട് ഇടതുപക്ഷം/ഇടതുപക്ഷമെങ്കിലും സ്ത്രീകള്‍ക്ക് അമ്പതുശതമാനം സീറ്റുകള്‍ നല്‍കുന്നില്ല എന്നതു തീര്‍ത്തും ന്യായമായ ചോദ്യമാണ്.

ഈ പോസ്റ്റില്‍ അഡ്രസ് ചെയ്യാന്‍ ശ്രമിക്കുന്നതു ചുമ്മാ കുത്തിത്തിരുപ്പുണ്ടാക്കാനായി സ്ത്രീകളുടെ പ്രാതിനിധ്യവിഷയം എടുത്തിട്ടലക്കുന്നവരെയല്ല, ഇടതുപക്ഷത്തുനിന്നു തന്നെയുള്ള ന്യായമായ ആഭ്യന്തര പ്രാതിനിധ്യ ആവശ്യത്തെയാണ്. അമ്പതു ശതമാനം ആകാശത്തിന് അവർക്കുള്ള അവകാശം നിഷേധിക്കപ്പെടുകയോ മറ്റു മുൻഗണനകളാൽ അട്ടിമറിക്കപ്പെടുകയോ ചെയ്യുന്നു എന്നതു വസ്തുതയാണ്. ഇടതുപക്ഷം സം‌ഘടിപ്പിക്കുന്ന പ്രതിഷേധങ്ങളുടെയും രാഷ്ട്രീയനവീകരണ മുന്നേറ്റങ്ങളുടെയും അമരത്തു തന്നെ ഇന്നു സ്ത്രീകളുണ്ട് എന്നിരിക്കെ പ്രത്യേകിച്ചും‌.

എന്തുകൊണ്ട് ആനുപാതികമായ പ്രാതിനിധ്യം‌ അവർക്കു ലഭിക്കുന്നില്ല എന്ന പ്രശ്നം പ്രസക്തമാണ്. സമൂഹത്തിന്റെ അധികാര ശ്രേണികളിലെ ഉയർന്ന തലങ്ങളിൽ എവിടെയെങ്കിലും ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിനു പ്രാതിനിധ്യം‌ കുറവുണ്ടെങ്കിൽ അതു പ്രത്യക്ഷമോ പരോക്ഷമോ ആയ വിവേചനം കൊണ്ടാണ്. അത് അനീതിയാണ് എന്നതിൽ സം‌ശയമില്ലാത്ത ഇടതുപക്ഷ പ്രവർത്തകർക്കും സഹയാത്രികർക്കും മാത്രമേ ഇതിൽ കാര്യമുള്ളൂ. അധികാരത്തിലെ പ്രാതിനിധ്യത്തിനു സം‌വരണം അനിവാര്യമായ ഒരു പ്രതിവിവേചനനടപടിയാണ്. കഴിയുമെങ്കിൽ അതു ജനസം‌ഖ്യാനുപാതത്തിൽ തന്നെ വേണം താനും‌.