#രാഷ്ട്രീയം

ഔസേപ്പച്ചനെ തേച്ചതാരാ....

കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തിലെ മാധ്യമ അന്തിച്ചർച്ചകളിലെ ഒരേയൊരു താരം ഔസേപ്പച്ചനാണ്. സൗമ്യനും, സുമുഖനും സർവ്വോപരി ഗായക താരവും കൂടിയായ നമ്മുടെ സാക്ഷാൽ പി ജെ ജോസഫ്.

പുള്ളിയിപ്പോൾ ഒരു രാഷ്ട്രീയ അനാഥനായി കോൺഗ്രസ് നേതാക്കളുടെ വീടുകൾ തോറും കയറിയിറങ്ങുകയാണത്രേ. മൂന്നുനാലു പതിറ്റാണ്ട് ദൈർഘ്യമുള്ള ഒരു രാഷ്ട്രീയ ജീവിതം. എം എൽ എ, മന്ത്രി തുടങ്ങിയ പദവികൾ അലങ്കരിച്ചിരുന്ന വ്യക്തിത്വം. അതാണൊരു എം പി സീറ്റിനായി ഭിക്ഷാംദേഹിയെപ്പോലെ നാടുനീളെ വീടുവീടാന്തിരം അലയുന്നത് എന്നതാവാം മാധ്യമ ധാർമ്മികതയെ ഇത്രകണ്ടു വേദനിപ്പിക്കുന്നത്.

അവർക്കറിയേണ്ടത് ഒന്നു മാത്രമാണ്. ഔസേപ്പച്ചനെ തേച്ചതാരാ....

മെഗാ സീരിയലിന്റെ തിരക്കഥാ ചർച്ച പോലെ തോന്നും അന്തിച്ചർച്ചകൾ കേട്ടാൽ. പതിറ്റാണ്ടുകൾക്കു മുമ്പേ തുടങ്ങിയ വൈരങ്ങൾ, പതിറ്റാണ്ടുകൾ മുമ്പോട്ടു കടന്നുള്ള ലക്ഷ്യങ്ങൾ. ഇവയ്ക്കിടയിൽ പെട്ട് ഉദ്വേഗ പരകോടിയിൽ നിൽക്കുന്ന വർത്തമാനം. ഒന്നുമേ പുരിയലേ എന്ന സബ്സ്റ്റൻസ്, എന്താവുമോ എന്തോ എന്ന സസ്പെൻസ്. രണ്ടിനും ഇടയിലൂടെ ഒരാർത്ത നാദം പോലെ പായുന്ന അന്വേഷണാത്മക പത്രപ്രവർത്തനത്തിന്റെ ധാർമ്മിക പ്രതിസന്ധികൾ....