#രാഷ്ട്രീയം

പാർലമെന്റ് ഇലക്ഷൻ 2019: കാറ്റു പറയുന്നത് ആഞ്ഞു പ്രവർത്തിച്ചാൽ ഇടതർക്കും പ്രതീക്ഷയ്ക്കു വകയുണ്ടെന്നു തന്നെ

ഉത്തരേന്ത്യയിലൊക്കെ അങ്ങോട്ടും ഇങ്ങോട്ടും ഒഴുക്കുണ്ട്. എന്നാൽ കേരളത്തിൽ അതല്ല സ്ഥിതി. ഇവിടെ സംസ്ഥാനതലത്തിൽ നേതൃസ്ഥാനത്തു നിൽക്കുന്ന ഒരു കോൺഗ്രസുകാരനും ബി ജെ പിയിലേക്കു പോയിട്ടില്ല, ഇനി പോവുകയുമില്ല. ഇതായിരുന്നു അടുത്ത നാൾ വരെ കോൺഗ്രസുകാരുടെ വാദം. എന്നാൽ പോകുന്നതിനു മണിക്കൂറുകൾ മുമ്പും കോൺഗ്രസ് വക്താവായി ടി വിയിൽ വന്ന ടോം വടക്കൻ ഒരൊച്ചപ്പാടും പൊട്ടിത്തെറിയും കൂടാതെ നൈസായി ഒരുദിവസം ഉച്ചതിരിഞ്ഞപ്പോ ബി ജെ പിയിൽ ചേർന്നു.

അല്ലെങ്കിലും അയാളെ ആർക്കു വേണം, തൂപ്പുവേലയും ചായകൊടുപ്പുമായി നടക്കുന്ന അടുക്കള രാഷ്ട്രീയക്കാരനൊന്നും ഈ പാർട്ടിയിൽ സീറ്റില്ല എന്നൊക്കെയായി പിന്നെ അവരുടെ വീരവാദം. ഒപ്പം എവിടെനിന്നാലും സ്വന്തമായി പത്തോട്ടു സമ്പാദിക്കാൻ തക്ക വ്യക്തിപ്രഭാവമില്ലാത്തവൻ എന്നൊക്കെ വിമർശനങ്ങളും കടുപ്പിച്ചു. ഓകെ. പോയ വടക്കനെ അങ്ങനെ വെടക്കനാക്കി തള്ളാം. എന്നാൽ തോമസ് മാഷോ? സീനിയർ നേതാവ്. പലവട്ടം തിരഞ്ഞെടുപ്പു വിജയിച്ച് എം പിയായ ആൾ. സിറ്റിങ്ങ് എം പി. പുള്ളിയാണിപ്പോൾ സീറ്റു നിഷേധിക്കപ്പെട്ടതിനെ തുടർന്നു ബി ജെ പിയിൽ ചേരുന്ന സാധ്യത പോലും തള്ളാതെ നിൽക്കുന്നത്!

ഈയൊരു നിർണ്ണായക ഘട്ടത്തിൽ പുള്ളി മറുകണ്ടം ചാടിയാൽ അതു കേരളത്തിലെ കോൺഗ്രസിന്റെ സാധ്യതകളെ വല്ലാതെ ബാധിക്കും എന്നതിനാൽ വല്ല വിധേനയും, എന്ത് ഓഫർ കൊടുത്തും അവർ അത് ഒഴിവാക്കും എന്നു തന്നെ കരുതാം. പക്ഷേ പാർട്ടിയിൽ നിന്നുമുള്ള പ്രാദേശിക, ദേശീയ തലങ്ങളിലുള്ള ഈ ചോർച്ച അവരെ വല്ലാതെ പ്രതിരോധത്തിലാക്കുന്നുണ്ട്. അതിന്റെ തെളിവാണു കോൺഗ്രസിന്റെ നേതാക്കൾ മുതൽ അണികളും സൈബർ മീഡിയയിലൊക്കെയുള്ള സാദാ അനുഭാവികൾ വരെയും വല്ല ഇടതനും ഇക്കാലത്തെങ്ങാനും ബി ജെ പിയിൽ ചേർന്നിട്ടുണ്ടോ എന്ന് ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നത്.

ഭൂതകാലത്തിൽ നിന്നോ, വർത്തമാനത്തിൽ നിന്നോ എന്തെങ്കിലും ഒന്ന് അങ്ങനെ വ്യാഖ്യാനിക്കാവുന്നതായി കിട്ടിയാൽ ഉടൻ അതെടുത്ത് അലക്കുക എന്നതാണു പദ്ധതി. അങ്ങനെ ഈസിയായി നറുക്കുവീണു വന്നതാണു വിശ്വനാഥ മേനോനും തള്ളന്താനവും. എന്നിട്ടെന്തായി?