#നവോത്ഥാനം

നവോത്ഥാനത്തിൽ കൊൺഗ്രസിനെന്തു കാര്യം!

ഇതിപ്പോള്‍ പൊന്നുരുക്കുന്നിടത്തു പുച്ചക്കെന്തു കാര്യം എന്നു ചോദിക്കുന്ന ലാഘവത്തോടെയാണു നവോത്ഥാന ചർച്ചകളിൽ ഇടതുപക്ഷത്തിനെന്തു കാര്യം എന്നു കോൺഗ്രസ്സും ബി ജെ പിയും ഒരേ സ്വരത്തില്‍ ചോദിക്കുന്നത്. അതും കടന്നു നവോത്ഥാനത്തെക്കുറിച്ചു സംസാരിക്കാൻ അവർക്ക് എന്ത് അവകാശം എന്നും അവർ രോഷം കൊള്ളുന്നു, മുഖ്യമായും കോൺഗ്രസ്.

പൊന്നുരുക്കുന്നത് എന്തിനാണ്? സാധാരണ ഗതിയില്‍ അതു നടക്കുന്നതു ഖരരൂപത്തിലുള്ള അതിനെ രൂപമാറ്റം വരുത്തി തങ്ങള്‍ക്ക് ഇഷ്ടമുള്ളപടിയാക്കാന്‍. അതായതു പഴയ ഉരുപ്പടി പുതിയ ഫാഷനില്‍ ആക്കാന്‍. പണിക്കൂലി വരും, പണിക്കുറവും ഉണ്ടാവും. എങ്കിലും നമ്മള്‍ അതു ചെയ്യാറുണ്ട്. കാരണം പുതുമ നമ്മുടെ ഒരാവശ്യമാണ്. എന്നാല്‍ ഇതു സത്താപരമായ പുതുമ ആവണം എന്നൊന്നുമില്ല. അതുകൊണ്ടാണു ഫാഷന്‍ ചാക്രികമായി നിലനില്‍ക്കുന്നത്.

വലിയ മൌലികമായ മാറ്റങ്ങള്‍ ഒന്നും ഇല്ലാതെ ഔട്ടായ പാലക്കാ മാലയും കയറുപിരിയുമൊക്കെ തിരിച്ചുവരും, പിന്നെയും ഔട്ടാവും. അത്ര തന്നെ. വസ്ത്രങ്ങളിലും പിഞ്ഞാണത്തില്‍ വരെ ഈ ചാക്രിക ഫാഷന്‍ പ്രകടമാണ്. അതായതു മാറ്റമാണ് ആവശ്യം, അതു മൌലികമാവണം എന്നതല്ല. നമ്മള്‍ ബാഗി ഉപേക്ഷിച്ചു ബെല്‍ബോട്ടം, പിന്നെയും ബാഗി, പാരലല്‍. വീണ്ടും ബെല്‍ബോട്ടം എന്ന ലൈനില്‍ സഞ്ചരിക്കുന്നതു പോലെ.