#നവോത്ഥാനം

ആചാരപരത എന്നുമുതൽക്കു നവോത്ഥാനമൂല്യമായി?

വൈക്കം സത്യാഗ്രഹത്തിൽ നേതൃപരമായ പങ്കു വഹിച്ച പ്രസ്ഥാനമാണു കോൺഗ്രസ്. അതിന്റെ ഭാഗമായി സാക്ഷാൽ മഹാത്മാഗാന്ധി പോലും ഇവിടെയെത്തി. അദ്ദേഹം അന്നത്തെ പ്രസിദ്ധമായ ഇണ്ടന്തുരുത്തിമനയിലെ കാരണവർ നമ്പൂതിരിയുമായി നടത്തിയ കൂടിക്കാഴ്ചയൊക്കെ ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. ജാത്യാൽ വൈശ്യനായ ഗാന്ധിജിയെ പന്തലിട്ടു പുറത്തിരുത്തി അയിത്താചാരം അടിക്കണക്കിനു പാലിച്ചാണു അന്ന് ആ അഭിമുഖ സംഭാഷണം തന്നെയും നടന്നത്.

അതിൽ ‘അയിത്ത ജാതിക്കാരും മനുഷ്യരല്ലേ, അവരെ വഴി നടക്കാനെങ്കിലും അനുവദിച്ചുകൂടെ‘ എന്ന ഗാന്ധിയുടെ പ്രാർത്ഥനയ്ക്കു മറുപടിയായി നമ്പൂതിരി ഒരു മറുചോദ്യം ഉന്നയിക്കുകയാണ്. ‘താങ്കൾ വിശാസിയാണൊ‘ എന്ന ചോദ്യത്തിനു ‘അതെ‘ എന്നു ഗാന്ധിയുടെ മറുപടി. ‘അങ്ങനെയെങ്കിൽ നീച ജന്മങ്ങളായ അവർണ്ണരെ നടക്കാൻ അനുവദിച്ചാൽ വിശുദ്ധാചാരമായ അയിത്തം തകരും എന്നും അറിയാമല്ലോ‘. ഗാന്ധി പടിയിറങ്ങി. പിന്നെ സമരം മൂർച്ഛിക്കുകയും അതു വൻതോതിലുള്ള മതം മാറ്റത്തിലേക്കു നയിച്ചേക്കുമെന്ന ഭീഷണി ഉയരുകയും ചെയ്ത പശ്ചാത്തലത്തിലാണു വഴി നടക്കാൻ അനുവദിച്ചുകൊണ്ടുള്ള ഉത്തരവുണ്ടായത്.