#നവോത്ഥാനം

നവോത്ഥാനം മിത്തോ സത്യമൊ?

കേരളത്തിലെ ആദ്യ ഇ എം എസ്സ് മന്ത്രിസഭ

നവോത്ഥാനം എന്ന ഒന്ന് ഉണ്ടായിട്ടേയില്ലേ എന്നു ചോദിച്ചാല്‍ അതിന് ഒരു നേര്‍മറുപടി സാദ്ധ്യമല്ല. ഒരു നവോത്ഥാനം ഇവിടെ ഉണ്ടായി, അതു ജാതി, മത, ലിംഗ, വർഗ്ഗ ഭേദങ്ങളെയൊക്കെ ഇല്ലാതാക്കി എന്നൊരു ആഖ്യാനം (നറേറ്റിവ്) അതിന്റെ രാഷ്ട്രീയ തുടർച്ച അവകാശപ്പെടുന്ന ഇടതുപക്ഷം മുന്നോട്ടു വച്ചിരുന്നു എന്നത് ഒരു സത്യമാണ്. അതിനെ ഇവയുടെ പലപ്പോഴും പരോക്ഷവും അനുകൂല സാഹചര്യങ്ങളിൽ മൃഗീയമാംവണ്ണം പ്രത്യക്ഷവുമായ എതിർവശങ്ങൾ മുൻനിർത്തി അതിന്റെ ഇരകൾ പ്രതിരോധിച്ചിരുന്നു എന്നതും സത്യം.

ഈ രണ്ടു സത്യങ്ങൾക്കിടയിലെ നേർത്ത വൈരുദ്ധ്യങ്ങൾ സംവാദ തലത്തിൽ തിടം വച്ചു വന്നപ്പോൾ കേരളത്തിൽ ഒരു നവോത്ഥാനമേ നടന്നിട്ടില്ല എന്ന വാദവും തിടമ്പേറി. ഇവിടെ തമസ്കരിക്കപ്പെട്ടത് ആനുപാതികത എന്ന വാസ്തവമാണ്. നവോത്ഥനമേ നടന്നിട്ടില്ല എന്ന വാദവും അതു നടന്നു കഴിഞ്ഞു, ഇനി എല്ലാം ഭദ്രമാണ് എന്ന വാദവും ഒരുപോലെ സ്ഥൂലവൽകൃതമാണ് എന്നതാണു വസ്തുത.

കേരളത്തിലെ നവോത്ഥാനത്തെ അതിനെ മാതൃകയാക്കി വേണം വിലയിരുത്താന്‍, ബാഹ്യ മാതൃകകളെയല്ല എന്നു മുൻപു പറഞ്ഞതു തന്നെയേ ഇപ്പോഴും ആവര്‍ത്തിക്കാനുള്ളു. നിരവധിയായ സാമുഹ്യ മാറ്റങ്ങള്‍ സമരപ്രക്ഷോഭങ്ങളും അവ അനിവാര്യമാക്കിയ നിയമനിര്‍മ്മാണങ്ങളും വഴി ഉണ്ടായിട്ടുണ്ട്. ഈ ഓരോ നിയമപരിഷ്കാരവും എതിര്‍പ്പുകളും നേരിട്ടിട്ടുണ്ട്.