#നിരീക്ഷണം

തൊടുപുഴ സംഭവവും പതിവുപോലെ: അരുണിനെ വിട്ടുതാ, ഇനിയൊരു കുഞ്ഞും അരുംകൊലയ്ക്കു വിധേയമാകില്ല

തിരുവനന്തപുരം സ്വദേശികളായ, എഞ്ജിനീയറിങ്ങ് ബിരുധധാരികളായ രണ്ടു പേർ. യുവതീയുവാക്കളായ ഇവർ ഇരുവരും പങ്കാളിയെ നഷ്ടപ്പെട്ട് ഒറ്റയ്ക്കു ജീവിക്കുന്നവർ. സ്ത്രീയുടെ ഭർത്താവ് മരണപ്പെട്ടു. പുരുഷൻ വിവാഹമോചിതൻ. അവർ കണ്ടു പരിചയപ്പെട്ട് ഇഷ്ടത്തിലായി ഒരുമിച്ചു ജീവിക്കാൻ തുടങ്ങുന്നു. അതും യുവതിയുടെ ആദ്യവിവാഹത്തിലുള്ള രണ്ടു കുരുന്നുകളെ കൂടുബവീട്ടിലോ മറ്റെവിടെയെങ്കിലുമോ ഉപേക്ഷിച്ചല്ല, അവരെയും കൂടെ കൂട്ടി.

മധ്യവർഗ്ഗ പശ്ചാത്തലമുള്ള, അത്യാവശ്യം ധനികരായ യുവതീയുവാക്കൾ. ഇരുവർക്കും ലൈസൻസും വീട്ടിൽ വാഹനവും ഉണ്ട്. ഭർത്താവ് ഭാര്യയുടെ മരണപ്പെട്ട മുൻഭർത്താവിന്റെ വർക് ഷോപ്പ് ഏറ്റെടുത്ത് അത്യാവശ്യം അറ്റകുറ്റപണികളൊക്കെ നടത്തി മുമ്പോട്ടു കൊണ്ടുപോകുന്നു.

അരുൺ ആനന്ദെന്ന തിരുവനന്തപുരം സ്വദേശിയായ യുവാവിനെയും കുടുംബത്തെയും കുറിച്ച് കഴിഞ്ഞ മാർച്ച് 28വരെ കുമാരമംഗലത്തുകാർ വിചാരിച്ചതു മേല്പറഞ്ഞതൊക്കെയാവണം. അവിടെ താമസിക്കാൻ എത്തിയിട്ട് ഒരു മാസമേ ആയുള്ളു എന്നതും ആ കാലയളവിനുള്ളിൽ നാട്ടുകാരും അയൽക്കാരുമായും കാര്യമായ ബന്ധമൊന്നും അവർ ഉണ്ടാക്കിയിരുന്നില്ല എന്നതും അവർക്കാർക്കും അസ്വാഭാവികമായി തോന്നാനുമിടയില്ല.

ഏഴും മൂന്നും വയസ്സുള്ള രണ്ടു കുട്ടികൾ. അവരിൽ ഇളയ കുട്ടി കിടക്കയിൽ മൂത്രമൊഴിച്ചതിനെതുടർന്ന് ഉണ്ടായ കലഹത്തിൽ മൂത്ത കുട്ടിയെ രണ്ടാനച്ഛൻ എടുത്തു തറയിലും ചുവരിലും അടിക്കുന്നു. കുട്ടിയുടെ തലയോട്ടി പൊട്ടി തലച്ചോർ പുറത്തുവന്ന അവസ്ഥയിലും ആശുപത്രിയിലേക്കു പോകുന്നില്ല. വാർത്തകൾ അനുസരിച്ച് പൊലീസ് വന്നിട്ടും അയാൾ കുട്ടിക്കു ചികിൽസ വൈകിപ്പിക്കാനായിരുന്നു ശ്രമിച്ചതത്രേ!