#നവോത്ഥാനം

നവോത്ഥാനത്തിന്റെ തുടർച്ചയിൽ സംഭവിച്ച പിഴവുകൾ

തുടർച്ചയില്ലായ്മയെയല്ല, അതിന്റെ അപര്യാപ്തതകളെ ചൊല്ലിയാണു പിൽക്കാലത്ത് വിമർശനങ്ങൾ ഉണ്ടായത്. അതിനു പലപ്പോഴും നേർ ഉത്തരവാദി കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളല്ല എങ്കിലും.

കേരളത്തിലെ പിന്നോക്ക ദളിത് വിഭാഗങ്ങളുടെയും ഇതര വിഭാഗങ്ങളിലെ ഉല്പതിഷ്ണുക്കളുടെയും പിന്തുണയിലാണു സി പി എം ഇവിടത്തെ ഏറ്റവും വലിയ വർഗ്ഗ ബഹുജന സംഘടനയാകുന്നത്. സാമൂഹ്യമായി ഇനിയും ആധുനികമാവാത്ത ഒരു സമൂഹത്തിൽ നിന്നും ഉയർന്നുവന്ന ഒരു ബഹുജന പ്രസ്ഥാനത്തിന്റെ പ്രാഥമിക പ്രശ്നം പ്രത്യയശാസ്ത്രപരമായ പുരോഗമനപരതയെ കൈവിടാതെ തന്നെ അതിന്റെ ജനപിന്തുണ നിലനിർത്തുക എന്നതാണ്. അത് ഒരു വെല്ലുവിളിയാവുന്നത് ആധുനികമായ ഒരു സമൂഹത്തിൽനിന്നല്ല അതു കെട്ടിപ്പടുക്കപ്പെട്ടത് എന്നതുകൊണ്ടും.

ആധുനികമാവാത്ത ഒരു സമൂഹത്തെ ആധുനികമാക്കിയിട്ടു പോരേ ബാക്കി എന്നു ചോദിച്ചാൽ ചരിത്രത്തിന് എല്ലായ്പോഴും രേഖീയമായി സഞ്ചരിക്കാനാവില്ല എന്നതാണു മറുപടി. ശബരിമല യുവതിപ്രവേശന വിധിയുമായി ബന്ധപ്പെട്ടും ഇതേ ചോദ്യം ഉയർന്നുവന്നിരുന്നു. എന്തിനു ധൃതിപ്പെട്ടു വിധി നടപ്പിലാക്കണം, സമൂഹം പരുവപ്പെടുന്നതുവരെ കാത്തിരുന്നുകൂടെ എന്ന്. ഇത്തരം ചോദ്യങ്ങൾക്കു ചരിത്രം നൽകുന്ന ഉത്തരം എന്ന നിലയിലാണു കേരളത്തിന്റെ സാംസ്കാരിക നവോത്ഥാനം ഇപ്പോൾ പൊടുന്നനെ വീണ്ടും ചർച്ചാവിഷയമാകുന്നതും.