#നവോത്ഥാനം

നവോത്ഥാന വായനയിലെ പിഴവുകൾ

നവോത്ഥാനം ഉഴുതുമറിച്ചിട്ട മണ്ണ് കമ്യൂണിസത്തിന്റെ വിത്തുകൾ മുളപ്പിക്കാൻ പാകമായിരുന്നു എന്ന തരം വിശകലനങ്ങൾ നാം ധാരാളമായി വായിച്ചിട്ടുണ്ട്. ആ സാമൂഹ്യപരിവർത്തന ഘട്ടത്തിൽ വല്ലാതെ ഊറ്റം കൊള്ളുകയും അത് ആവർത്തിച്ച് ഉദ്ധരിക്കുകയും ചെയ്തുപോരുന്നതും കമ്യൂണിസ്റ്റ് അനുഭാവികൾ തന്നെയാണ്. അതായതു പിണറായി വിജയൻ വിസ്മരിക്കപ്പെട്ട ചരിത്രത്തിൽ നിന്നും പൊടുന്നനേ കണ്ടെടുത്തതല്ല നവോത്ഥാനം എന്ന്.

ശബരിമല യുവതി പ്രവേശനവിഷയത്തെ നവോത്ഥാന പരാമർശങ്ങൾ കൊണ്ടു സമ്പന്നമാക്കി അവതരിപ്പിച്ചതോടെ പല പരമ്പരാഗത പിണറായി വിമർശകരായ കമ്യൂണിസ്റ്റ് അനുഭാവികളും അയാളെ അംഗീകരിച്ചു തുടങ്ങി എന്നതും പ്രസക്തമാണ്. പാർട്ടിയിലെ വലതുവ്യതിയാനത്തിന്റെ പ്രതീകം എന്ന നിലവിട്ട് പിണറായി വിജയൻ എന്ന കമ്യൂണിസ്റ്റുകാരന് ഔദ്യൊഗിക പാർട്ടിക്കു പുറത്തും സ്വീകാര്യത കിട്ടിത്തുടങ്ങുന്നത് അവർ ഒരാദർശമായി കൊണ്ടുനടന്ന നവോത്ഥാന പാരമ്പര്യത്തെക്കുറിച്ച് അദ്ദേഹം പറയാൻ തുടങ്ങിയതു മുതൽക്കാണ് എന്നതു യാദൃശ്ചികമല്ല.