#മീഡിയ സ്കാൻ

ഇവിടെയുമൊരു കലാപമുണ്ടായാൽ, ചോര വീഴ്ത്താൻ ഇവരെന്തും ചെയ്യും..

Picture Courtesy: KPI

17 Apr, 2019

ഗുജറാത്തിൽ അരങ്ങേറിയ വംശഹത്യയ്ക്കു സമാനമായ ദുരന്തം കേരളത്തിലുണ്ടായാൽ അതിൽ നമ്മുടെ പൊതുമാധ്യമങ്ങളുടെ റോളെന്തായിരിക്കും?

കലാപത്തീയിൽ എണ്ണ പകരുകയായിരുന്നു, അന്നു ഗുജറാത്തിലെ പ്രാദേശികമാധ്യമങ്ങൾ ചെയ്തത്. കൂടുതൽ പ്രൊഫഷണൽ മികവോടെ കേരളത്തിലെ പൊതുമാധ്യമങ്ങളും അതു തന്നെ ചെയ്യും. സംശയമുണ്ടോ?

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പുയോഗം അലങ്കോലമാക്കാനും സംഘർഷം സൃഷ്ടിക്കാനും കാട്ടാലിൽ ആസൂത്രിതമായി നടന്ന ശ്രമം എങ്ങനെയാണു പൊതുമാധ്യമങ്ങൾ കൈകാര്യം ചെയ്തതെന്നു നോക്കൂ. ഈ ചോദ്യത്തിനു വ്യക്തമായ ഉത്തരം ലഭിക്കും.

മുഖ്യമന്ത്രിയുടെ പ്രസംഗം ആരംഭിച്ചതിനു ശേഷം വേദിയിലേക്കു തിരിച്ചുവെച്ച ഉച്ചഭാഷിണിയിൽ നിന്നു പൊടുന്നനെ ഉയർന്ന നാമജപം പ്രകോപനമുണ്ടാക്കാൻ കരുതിക്കൂട്ടി ചെയ്തതാണെന്ന് ഏതു കൊച്ചുകുട്ടിയ്ക്കും മനസിലാകും. ഇത്രയും ലളിതമായ കാര്യമായിരുന്നിട്ടും, കരുതിക്കൂട്ടി പ്രകോപനമുണ്ടാക്കാൻ അവിടെ സംഘപരിവാറുകാർ ശ്രമിക്കുകയായിരുന്നു എന്നു റിപ്പോർട്ടു ചെയ്ത ഏതു പൊതുമാധ്യമമുണ്ട്?