#രാഷ്ട്രീയം

ആർ എസ് പിയല്ല, എച്ച് ആർ പി (പി) അഥവാ ഹിന്ദുത്വ റെവല്യൂഷണറി പാർട്ടി (പ്രേമചന്ദ്രൻ)

അതിസങ്കീർണ്ണവും വൈരുദ്ധ്യങ്ങൾ നിറഞ്ഞതുമായ ഒരു വിപ്ളവ പ്രസ്ഥാനമാണു റെവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി എന്ന ആർ എസ് പി. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ ബംഗാളിന്റെ മോചനത്തിനായി പ്രവർത്തിച്ച അനുശീലൻ സമിതി, ചന്ദ്രശേഖർ ആസാദും ഭഗത് സിംഗുമൊക്കെ നേതൃത്വം നൽകിയ ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപളിക്കൻ ആർമി തുടങ്ങിയ പ്രസ്ഥാനങ്ങളിലെ യുവാക്കളിൽ മാർക്സിസ്റ്റ് ലെനിനിസ്റ്റ് ആശയധാരകളുമായി താല്പര്യമുണ്ടായിരുന്ന ഒരു വലിയ വിഭാഗം ഉണ്ടായിരുന്നു. 1930കൾ മുതൽക്കേ മാർക്സിയൻ ആശയങ്ങളിൽ താല്പര്യം കാണിച്ചിരുന്നുവെങ്കിലും കമ്യൂണിസ്റ്റ് പാർട്ടിയിൽ പങ്കുചേരാൻ അവരിൽ പലരും വിമുഖരായിരുന്നു.

വിയോജിക്കാൻ ധാരാളം കാരണങ്ങൾ ഉള്ളത്ര വൈവിധ്യമാർന്ന വിമോചന സങ്കല്പങ്ങളും പ്രവർത്തി പദ്ധതികളും ഒരുവശത്ത്. സംഭവബഹുലമായ കാലം മറുവശത്ത്. രണ്ട് മഹായുദ്ധങ്ങൾ, നിരവധി ദേശീയ സ്വാതന്ത്ര്യ സമരങ്ങൾ, സഖ്യങ്ങൾ, സഖ്യതകർച്ചകൾ. ഇതൊക്കെ ഇവിടെയും പ്രതിഫലിച്ചിരുന്ന കാലം. ഹൈപർ ആക്ടിവായ യൗവ്വനങ്ങളുടെ കാലം. അവർ തമ്മിലുള്ള ആശയസംവാദങ്ങൾ പ്രസ്ഥാനങ്ങളെ ഉണ്ടാക്കുകയും പിളർത്തുകയും ചെയ്തിരുന്ന കാലം. അങ്ങനെയൊരു കാലത്തിന്റെ നടുവിൽ ഗാന്ധിയെയും ബോസിനെയും നെഹ്റുവിനെയും അംബേദ്കറിനെയും പോലെയുള്ള നേതാക്കളുടെ വ്യക്തിപ്രഭാവം. അവരുടെ ദർശനങ്ങൾക്കിടയിലെ സൂക്ഷ്മ വ്യത്യാസങ്ങൾ.

കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാകാൻ വിമുഖതയുള്ള മാർക്സിസ്റ്റുകൾക്ക് അന്നുള്ള ഒരു വഴി കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിൽ ചേരുക എന്നതായിരുന്നു. എന്നാൽ അതാവട്ടെ മാർക്സിസം, ഫേബിയൻ സോഷ്യലിസം, ഗാന്ധിയൻ സോഷ്യലിസം തുടങ്ങിയ പല ആശയധാരകൾ പരസ്പരം നിരന്തര സംവാദത്തിലേർപ്പെടുന്ന, ഐക്യരൂപമില്ലാത്ത ഒരു സംഘടനയും. അതായതു നമ്മൾ ഇന്ന് ആവർത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്ന ലെഫ്റ്റ് കൺസോളിഡേഷൻ അന്നേ ഒരു വെല്ലുവിളിയായിരുന്നു എന്ന്.