#നിരീക്ഷണം

സോറി, ജനാധിപത്യത്തിൽ എല്ലാവരും തുല്യരാണ്; താരരാജാവും ക്യൂ നിന്നേ പറ്റൂ

തിരുവനന്തപുരത്ത് മുടവൻ മുകളിലുള്ള തന്റെ പൂർവ്വവിദ്യാലയത്തിൽ വോട്ടുചെയ്യാനായി ‘താരരാജാവ്‘ മോഹൻലാൽ എത്തിയതിനെ തുടർന്നുള്ള സംഭവവികാസങ്ങളാണു ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്യുന്നത്.

ദൃശ്യങ്ങളിൽ നിന്നും സംഭവം വ്യക്തമാണ്. വോട്ടു ചെയ്യാനെത്തിയ മോഹൻലാൽ പൊലീസിന്റെ സഹായത്തോടെ ക്യൂ നിൽക്കാതെ അകത്തു കടക്കാൻ ശ്രമിക്കുന്നു. ക്യൂ നിൽക്കുന്നവർ പ്രതിഷേധിച്ചതിനെ തുടർന്നു താരം എവിടെയാ നിൽക്കേണ്ടത് എന്നു ചോദിച്ച് അവിടെ ചെന്നു നിൽക്കുന്നു. തുടർന്ന് ഒന്നര മണിക്കൂറോളം ക്യൂ നിന്നശേഷം വോട്ടു രേഖപ്പെടുത്തി തന്റെ വഴിക്കു പോകുന്നു. ഇതാണു നടന്നത്.

പ്രസ്തുത റിപ്പോർട്ടിനുശേഷം വന്ന പ്രമുഖചാനലുകളുടെ റിപ്പോർട്ടുകളിൽ അധികവും ‘ഒന്നര മണിക്കൂർ‘ ക്യൂ നിന്നതിനെക്കുറിച്ചായിരുന്നു, ആദ്യം ക്യൂ തെറ്റിക്കാൻ ശ്രമിച്ചതിലായിരുന്നില്ല ഊന്നൽ എന്നതു സ്വാഭാവികം. എന്നാൽ അതിലും സ്വാഭാവികമായിരുന്നു ഈ റിപ്പോർട്ടു പുറത്തുവന്നതിനു ശേഷമുള്ള സോഷ്യൽ മീഡിയയിലെ പരിഹാസം. അതിനൊരു ചരിത്രപരമായ കാരണമുണ്ട്.

ഏതാനും വർഷങ്ങൾക്ക് മുമ്പ് രാജ്യം കണ്ട ഏറ്റവും വലിയ ഭരണകൂട വീഢിത്തം എന്നു വിളിക്കാവുന്ന ഒരു കൃത്യം ‘നോട്ട് ബന്ധൻ‘ എന്ന പേരിൽ അരങ്ങേറിയിരുന്നു. മനുഷ്യരെ അവർ സ്വന്തം അധ്വാനം കൊണ്ട് ഉണ്ടാക്കിയ അവരവരുടെ പണമെടുക്കാനായി മണിക്കൂറുകളോളം പൊരിവെയിലത്തു ക്യൂ നിർത്തിയ ഒരു മണ്ടൻ പരിഷ്കാരം. അതിന്റെ ഇരകളായി ജീവൻ നഷ്ടപ്പെട്ട നിരവധി മനുഷ്യർ. ഇവരെയൊക്കെ പരിഹസിച്ചുകൊണ്ടു നമ്മുടെ നിസ്വനായ ‘താരരാജാവ്‘ അന്നു പറഞ്ഞത് ബിവറെജസിലും സിനിമ തീയേറ്ററിലും ക്യൂ നിൽക്കാൻ വിഷമമില്ലാത്തവർ രാജ്യത്തിനുവേണ്ടി ഇത്തിരി ക്യൂ നിൽക്കുന്നതിൽ കുഴപ്പമൊന്നുമില്ല എന്നായിരുന്നു. അത് ഓർമ്മയുള്ള മനുഷ്യർ അദ്ദേഹത്തോടും രാജ്യത്തിനുവേണ്ടി ഒരൊന്നര മണിക്കൂർ ക്യൂ നിൽക്കാൻ പറഞ്ഞു. അത്രേ ഉള്ളു.