#നിരീക്ഷണം

അൽഫോൻസിന്റെ വിലാപവും മമ്മൂട്ടിയുടെ വിചാരവും; മണ്ഡലമല്ല സംസ്ഥാനം തന്നെ മാറിപ്പോയെന്ന് എൻ ഡി എയ്ക്കു വീണ്ടുവിചാരിക്കാം...

“വോട്ടിംഗ് കഴിഞ്ഞു പുറത്തു വന്ന് എൽഡിഎഫ്-യുഡിഎഫ് സ്ഥാനാർഥികളെ രണ്ടു വശത്തു നിർത്തിയിട്ട് ഇവർ നല്ല സ്ഥാനാർഥികളാണെന്നു പറയുന്നതിന്റെ അർഥം എന്താണ്. മൂന്നാമത്തെ സ്ഥാനാർഥിയായ കേന്ദ്രമന്ത്രിയായ നാൽപതു വർഷം പൊതുരംഗത്തു പ്രവർത്തിച്ച ഞാൻ മോശമാണെന്ന സന്ദേശമാണു നൽകുന്നത്. കേരളം ഇത്രയും വലിയ ആളാക്കിയ ഒരു നടൻ ഇങ്ങനെ പറയുന്നത് അപക്വമാണ്. ഇതുമായി ബന്ധപ്പെട്ട് എന്റെ മകൻ മമ്മൂട്ടിയെ കണ്ടു സംസാരിച്ചിരുന്നു. തെറ്റൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു അപ്പോൾ അദ്ദേഹം പറഞ്ഞത്...“

കേന്ദ്രമന്ത്രിയും എറണാകുളത്തെ ബി ജെ പി സ്ഥാനാർത്ഥിയുമായ മുൻ ഐ പി എസുകാരൻ അൽഫോൺസ് കണ്ണന്താനത്തിന്റെ വിലാപമാണിത്! എന്താണതിന്റെ കാരണം? മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനുത്തരമായി ചലചിത്രതാരം മമ്മൂട്ടി യു ഡി എഫ്, എൽ ഡി എഫ് സ്ഥാനാർത്ഥികൾ രണ്ടുപേരും മികവുള്ളവരാണെന്നു പറഞ്ഞതോ?സാക്ഷാൽ നരേന്ദ്രമോഡി മോശം പ്രധാനമന്ത്രിയാണെന്നു പറയുന്നതിൽ ഒരു ഭയവും ശങ്കയും ഇല്ലാത്ത ഒരുപാടു സാംസ്കാരിക നായകന്മാരും സെലിബ്രിറ്റികളും ഉള്ള ഒരു നാടാണിത്. ആ കേരളത്തിൽ സ്ഥാനാർത്ഥികളെക്കുറിച്ച് ആരോടെങ്കിലും അഭിപ്രായം ചോദിച്ചാൽ അവർക്കു മനസിൽ തോന്നുന്ന അഭിപ്രായം അവർ പറയും. അതു നടൻ മോഹൻലാലിനെ കാണാൻ പോയി, തന്നെ കാണാൻ വന്നില്ല എന്നതുകൊണ്ടൊന്നുമല്ല. പിന്നെയല്ലെ അതിന്റെ “ഹുങ്ക്“!

എൻ ഡി എ സ്ഥാനാർത്ഥി കൊള്ളാം, അല്ലെങ്കിൽ മൂന്നു സ്ഥാനാർത്ഥികളും കൊള്ളാം എന്ന ഒരു മറുപടി പ്രതീക്ഷിച്ചുകൊണ്ടു കേരളത്തിൽ വന്ന് ഒരു മാതിരി വകതിരിവുള്ള ഏതു സാംസ്കാരിക പ്രമുഖനോടു ചോദിച്ചാലും നിരാശപ്പെടുകയെ നിവർത്തിയുള്ളു. കാരണം അവർ തങ്ങൾ സംസ്കാരമുള്ളവരാണ് എന്ന് അഭിമാനിക്കുന്നതുതന്നെ എൻ ഡി എയുടെ വർഗ്ഗീയ ഫാഷിസ്റ്റ് രാഷ്ട്രീയത്തിലെ മനുഷ്യവിരുദ്ധത മനസിലാക്കുന്നതുകൊണ്ടാണ്. അതു മതേതര ജനാധിപത്യ വിശ്വാസിയായ മലയാളിയുടെ ഒരു പൊതുമനസിന്റെ പ്രതിഫലനമാണ്. ചലചിത്രരംഗത്തു നിന്നും മോഹൻലാലും സുരേഷ്ഗോപിയുമൊക്കെയായി അതിനു കുറേ അപവാദങ്ങളുണ്ട്. മമ്മൂട്ടി അതിൽ പെടുന്നില്ല എന്നു മാത്രം.