#സാഹിത്യം

ഇടത് മറന്നുപോം ഇടശ്ശേരി പക്ഷം

1

സ്വാതന്ത്യസമരത്തിന്റെ മുഖ്യധാരയിലേക്കു ജനാധിപത്യമൂല്യങ്ങൾ കിനിഞ്ഞു തുടങ്ങിയ ഒരു കാലത്താണ് ആശാൻ ഒരു തീയക്കുട്ടിയുടെ വിചാരത്തിൽ ഇങ്ങനെ കണ്ട് അഴൽപ്പെടുന്നത്,

"എന്തിന്നു ഭാരതധരേ! കരയുന്നു? പാര-
തന്ത്ര്യം നിനക്കു വിധികല്പിതമാണു തായെ,
ചിന്തിക്ക ജാതിമദിരാന്ധ,രടിച്ചു തമ്മി-
ലെന്തപ്പെടുംതനയ,രെന്തിനയേ! സ്വരാജ്യം?"

സ്വരാജ്യം എന്തിനാണെന്നു ചോദിച്ചുള്ള ഈ വിലാപം സ്വരാജ്യസങ്കല്പത്തിന്റെ നിഷേധമല്ല. അതൊന്നുകൂടി സ്ഫുടം ചെയ്തെടുക്കുകയാണ്. പക്ഷേ സ്വരാജ്യം അന്നേക്കു വിദൂരസ്ഥമാണ്. അതിന്റെ സാധ്യതകളെ പറ്റി പര്യാലോചിക്കുന്ന ഒരു മഹാഭൂരിപക്ഷം സംഘാടനത്തിന്റെ ബാല്യദശ പിന്നിടുന്നതെ ഉള്ളൂ. അസാധ്യത്തേക്കാൾ സാധ്യങ്ങളിൽ കണ്ണുള്ള ഒരു മിതവാദിയായിരുന്നു ആശാൻ. പ്രജാക്ഷേമസഭയിലെ അംഗവും. എങ്കിലും അധികാരം കൈവരിക്കുന്നതിന്റെ പ്രാധാന്യത്തെ നേർക്കുനേർ കാണാൻ ആ ഭാവനയ്ക്കു കഴിയാതെ പോകുന്നു. അംബേദ്കർ വിട്ടുകളയാതെ പിടിച്ചെടുത്തതും അത്തരമൊരു സാധ്യതയെയായിരുന്നു, ഭരണഘടനാശില്പി എന്ന നിലയ്ക്ക്.