#നവോത്ഥാനം

സവിശേഷ സമീപനത്തിലൂടെയല്ലാതെ വെളിച്ചപ്പെടാത്ത ചില സാമുഹ്യ പ്രമേയങ്ങൾ

Photo Courtesy: Angela N

ലിംഗപരമായ തുല്യത എന്നതു നവോത്ഥാന ചിന്തകളിൽ തീരെയും പ്രതിഫലിച്ചിരുന്നില്ല എന്നു പറയുന്നതു വസ്തുതാവിരുദ്ധമാവും. എന്നാൽ അതിനെ ഒരു സവിശേഷ പ്രശ്നമായി അത് അഭിസംബോധന ചെയ്തിരുന്നു എന്നു പറയുന്നത് ഒരു സ്ഥൂലവൽക്കരണവുമായിരിക്കും.

ജാതീയമായ കീഴാചാരങ്ങൾ എല്ലാ മനുഷ്യരെയും ബാധിച്ചിരുന്ന പ്രശ്നമായിരുന്നു എന്നതിനാൽ അവയ്ക്കെതിരായ പോരാട്ടങ്ങളിൽ സ്ത്രീയും വന്നിരുന്നു. അവളുടെ മാറു മറയ്ക്കാനും കല്ലുമാല എറിഞ്ഞുകളയാനും അതിനു കഴിഞ്ഞു. എന്നുവച്ച് ലിംഗപരമായ തുല്യത, തുല്യ പ്രാതിനിധ്യം തുടങ്ങിയ പ്രമേയങ്ങളെ അത് അഭിസംബോധന ചെയ്തിരുന്നില്ല.

ആൺ പെൺ വ്യത്യാസമില്ലാത്ത ജാതീയമായ വിവേചനങ്ങൾ നിരവധിയായി നിലനിൽക്കുമ്പോൾ ലിംഗപരമായ തുല്യത മുഖ്യപ്രമേയമായി ഉയർന്നുവരിക അസാദ്ധ്യവുമായിരുന്നു. അതൊരു കുറ്റമൊന്നുമല്ല. നവോത്ഥാനത്തിന്റെ പരിമിതി എന്നുപോലും അതിനെ വിശേഷിപ്പിച്ചിട്ടു കാര്യമില്ല. നവോത്ഥാനം മാനവികമായ തുല്യതയും സ്വാതന്ത്ര്യവും ലക്ഷ്യമിട്ടു തുടങ്ങിവച്ച ഒരു സാമൂഹ്യ-സാംസ്കാരിക പരിഷ്കരണ പദ്ധതിയുടെ തുടർച്ചയിലാണു ലിംഗസമത്വം പോലെയുള്ള പ്രമേയങ്ങൾ സ്വാഭാവികമായും ഉയർന്നുവരിക.