#നവോത്ഥാനം

അധികാരസ്ഥാപനമായി ശാശ്വതീകരിക്കപ്പെടുന്ന സംഘടന

കമ്യൂണിസം ആത്യന്തികമായി ഒരു വിമോചന പ്രസ്ഥാനമാണ്. എന്തിൽ നിന്നുള്ള വിമോചനം എന്നു ചോദിച്ചാൽ അധികാരമെന്ന അനിവാര്യ തിന്മയിൽനിന്നു തന്നെയുമുള്ള മോചനം.

മനുഷ്യർക്ക് ഒരു പക്ഷേ മനസിലാക്കാൻ ഏറ്റവും പ്രയാസമുള്ള ഒരു ആശയവും ഇതു തന്നെയാണ്. അധികാരത്തിൽ നിന്നുമുള്ള മോചനം എന്നുവച്ചാൽ എന്താണ്? അധികാര സ്ഥാപനങ്ങൾ, അതായതു ഭരണകൂടം, പൊലീസ്, പട്ടാളാദികൾ, നീതിന്യായ കോടതികൾ, ഭരണ നിവർത്തന സംവിധാനങ്ങൾ ഒന്നും ഇല്ലാത്ത അവസ്ഥ?

ഞാൻ നിന്റെ അപ്പനു വിളിക്കുകയും സഹോദരന്റെ മുഖത്ത് നല്ല കവിൾ എന്നു പറഞ്ഞ് ആഞ്ഞടിക്കുകയും അതു നീ ‘ഹാ! എത്ര ഉദാത്തമീ സ്നേഹം സർ ജി!‘ എന്നു പറഞ്ഞ് ആസ്വദിക്കുന്നതായി അഭിനയിക്കുകയും ചെയ്യുന്ന ഗതികേടിന്റെ പേരല്ല അത്. മറിച്ച് എനിക്ക് ആസ്വദിക്കാൻ കഴിയാത്ത ഒരു ജീവിതാവസ്ഥയിലൂടെയും ഞാൻ വഴി മറ്റൊരു ജീവിയും കടന്നുപോകില്ല എന്ന് ഉറപ്പു വരുത്തുന്ന മനോനിലയാണ്. ലളിതവൽക്കരണമാണെന്ന ജാമ്യത്തോടെ പറയട്ടെ, അവിടെ സ്റ്റേറ്റും ജുഡിഷ്യറിയും എക്സിക്യൂട്ടിവുമൊക്കെ പണിയില്ലാതെ സ്വയം കൊഴിഞ്ഞു പോവുകയാണ്, സൈനിക അട്ടിമറി വഴി വരുന്ന വ്യവസ്ഥാമാറ്റം ഉണ്ടാക്കുന്ന മറ്റൊരു പുതിയ നിയമമല്ല അത്.